ന്യൂഡല്‍ഹി: കോടതി ഉത്തരവിനെ തുടര്‍ന്ന് ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിനും അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥന് വൈ.വി.വി.ജെ രാജശേഖറിനുമെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് പോലീസ്. ഉത്തരാഖണ്ഡ് അല്‍മോര നഗരത്തിലുള്ള കോടതിയാണ് ഉത്തരവിട്ടത്. പ്ലസന്റ് വാലി ഫൗണ്ടേഷന് എന്ന സംഘടന നല്കിയ പരാതിയിലാണ്അധികാരികള്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം നടത്താനും റവന്യൂ പോലീസിനോട് കോടതി ഉത്തരവിട്ടത്. ഗോവിന്ദ്പുര്‍ റവന്യൂ പോലീസ് സബ് ഇന്‍സ്പെക്ടറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 392, 447, 120ബി, 504, 506 വകുപ്പുകളും എസ് സി എസ് ടി നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ദാദാകട ഗ്രാമത്തില്‍ പ്ലസന്റ് വാലി ഫൗണ്ടേഷന് നടത്തുന്ന സ്കൂളിലേക്ക് അധികാരികള്‍ നാല് പേരെ അയച്ചെന്നും അവര്‍ സന്നദ്ധ സംഘടന (എന്‍.ജി.ഒ) യുടെ ജോയിന്റ് സെക്രട്ടറിയുടെ ഓഫീസ് ചേമ്പര്‍ തകര്‍ത്തെന്നുമാണ് പ്ലസന്റ് വാലി ഫൗണ്ടേഷന് ആരോപിക്കുന്നത്. പിന്നാലെ ഇവര്‍ അഴിമതി നടത്തിയതിന്റെ തെളിവുകളടങ്ങിയ ഫയലുകളും , രേഖകളും, പെന്‍ ഡ്രൈവുകളും കൊണ്ടുപോയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.


