ന്യൂഡല്‍ഹി: പതിമൂന്നിടങ്ങളില്‍ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം. മഹാരാഷ്ട്ര ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ലഡാക്കിനും പുതിയ ഗവര്‍ണര്‍മാരെ നിയോഗിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയുടെ രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ചു.
ഏഴിടങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റുകയും ആറിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ ചുമതലപ്പെടുത്തുകയുമായിരുന്നു. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ് അബ്ദുല്‍ നസീറിനെ ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിച്ചു. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ് ബയ്സിനെ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിച്ചു. പകരം തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷനും കേരളത്തിലെ ബിജെപിയുടെ മുന്‍ ചുമതലക്കാരനുമായ സി പി രാധാകൃഷ്ണനാണ് ജാര്‍ഖണ്ഡ് ഗവര്‍ണര്‍.
ബ്രിഗേഡിയര്‍ ഡോ. ബിഡി മിശ്രയെയാണ് ലഡാക്ക് ഗവര്‍ണറായി നിയമിച്ചത്. ലെഫ്റ്റനന്റ് ജനറല്‍ കൈവല്യ ത്രിവിക്രം പട്നായികിനെ അരുണാചല്‍ പ്രദേശിലും ശിവ പ്രസാദ് ശുക്ലയെ ഹിമാചല്‍ പ്രദേശിലും ഗവര്‍ണര്‍ ചുമതലയേല്‍പ്പിച്ചു. അസം ഗവര്‍ണറായി ഗുലാബ് ചന്ദ്ര കഠാരിയയെ നിയമിച്ചു. ബിശ്വ ഭൂഷണ് ഹരിചന്ദനെ ഛത്തീസ്ഗഢ് ഗവര്‍ണറായും മണിപ്പൂരില്‍ അനുസൂയ്യ യൂഖിയേയും നിയമിച്ചു.
ഛത്രപതി ശിവജിയെക്കുറിച്ചുള്ള വിവാദ പ്രസ്താവനയെ തുടര്‍ന്നാണ് കോശ്യാരി സ്ഥാനമൊഴിഞ്ഞത്. പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത അറിയച്ച് ജനുവരിയില്‍ കോശ്യാരി രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. പഴയകാലത്തിന്റെ ഐക്കണാണ് ശിവജിയെന്ന കോശ്യാരിയുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ശിവസേനയുള്‍പ്പെടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.