കൊവിഡ് സമയത്ത് പോലും ഒഴിഞ്ഞ വയറുമായി ആരും ഉറങ്ങേണ്ടി വന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി, പാവപ്പെട്ടവരെ പരിപാലിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
ഇത്രയും വലിയ പ്രതിസന്ധിയിലും താഴ്ന്ന പ്രദേശങ്ങളിലോ മലകളിലോ താമസിക്കുന്ന ഒരാള്‍ക്ക് പോലും വെറും വയറ്റില്‍ ഉറണ്ടേണ്ടി വന്നിട്ടില്ല. ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന’യിലൂടെ എല്ലാ ദരിദ്രര്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. അതേസമയം കോണ്‍ഗ്രസിനെതിരായ ആക്രമണം ശക്തമാക്കിയ മോദി ഇന്ത്യയെ ”രാഷ്ട്ര”മായി കണക്കാക്കാന്‍ പ്രതിപക്ഷം തയ്യാറല്ലെന്ന് കുറ്റപ്പെടുത്തി.
മലയോര മേഖലയിലെ ബംഗാളി വോട്ടര്‍മാരുമായി ബന്ധപ്പെടാനും പ്രധാനമന്ത്രി ഈ അവസരം ഉപയോഗിച്ചു. ”നിരവധി ബംഗാളി കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. പുനരധിവസിപ്പിക്കപ്പെട്ട ബംഗാളികളുടെ ജാതി സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ‘പൂര്‍വി പാകിസ്താന്’ പരാമര്‍ശം നീക്കം ചെയ്യാന്‍ തീരുമാനിച്ചതിന് പുഷ്കര്‍ സിംഗ് ധാമിയെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു” അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പുതിയ മെഡിക്കല്‍ കോളജുകളും ഡിഗ്രി കോളജുകളും തുറക്കും. സൗജന്യ റേഷനും മറ്റ് നിരവധി പദ്ധതികളും മുഖേന സര്‍ക്കാര്‍ കൊവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് പിന്തുണ നല്‍കിയെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാനം ഭരിച്ചിരുന്നെങ്കില്‍ അഴിമതി നടക്കുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഫെബ്രുവരി 14 ന് ഒറ്റ ഘട്ടമായി മലയോര സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കും, മാര്‍ച്ച് 10 ന് ഫലം പ്രഖ്യാപിക്കും.
2017ലെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70ല്‍ 56 സീറ്റും ബിജെപി നേടിയിരുന്നു. കോണ്‍ഗ്രസിന് 11 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.


