സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരസ്യം നല്‍കിയതില്‍ എഎപിയോട് പിഴയടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. പത്ത് ദിവസത്തിനുളളില്‍ എഎപി 163.62 കോടി അടയ്ക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിസിറ്റി ഡയറക്ടറേറ്റ് നോട്ടീസയച്ചു. തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ പരസ്യങ്ങളുടെ മറവില്‍ പാര്‍ട്ടി പരസ്യം നല്‍കിയെന്ന ആരോപണത്തില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പണമടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ പറയുന്നു. ഗവര്‍ണര്‍ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം എഎപിയുടെ സ്വത്ത് കണ്ടുകെട്ടുന്നത് അടക്കമുളള നടപടി നേരിടേണ്ടി വരുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ഇത്തരം പരസ്യങ്ങള്‍ നല്‍കിയതെന്നാണ് ആരോപണം. രാഷ്ട്രീയക്കാരന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിന് വേണ്ടി സുപ്രിംകോടതി നേരത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.
2015-2016 സാമ്പത്തിക വര്‍ഷത്തില്‍ ഔദ്യോഗിക പരസ്യങ്ങളെന്ന പേരില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കിയെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്ന് എഎപിയില്‍ നിന്ന് 97 കോടി രൂപ ഈടാക്കാന്‍ ഡല്‍ഹി എല്‍ജി വികെ സക്സേന ചീഫ് സെക്രട്ടറിയോട് ഒരുമാസം മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈതുകയുടെ പലിശയടക്കം 10 ദിവസത്തിനുള്ളില്‍ 163.62 കോടി രൂപ നല്കാന് നോട്ടീസ് നല്‍കിയിരിക്കുന്നത്.അതിന് സാധിച്ചില്ലെങ്കില്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ മുന്‍ ഉത്തരവ് പ്രകാരം പാര്‍ട്ടി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുള്‍പ്പെടെ എല്ലാ നിയമ നടപടികളും സമയബന്ധിതമായി സ്വീകരിക്കുമെന്ന് ഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിഗ് ഡയറക്ടറേറ്റ് അറിയിച്ചു.
ആം ആദ്മി പാര്‍ട്ടിയുടെ പേര് പരാമര്‍ശിച്ചിരിക്കുന്ന പരസ്യങ്ങള്‍, മറ്റ് സംസ്ഥാനങ്ങളിലെ സംഭവങ്ങളെക്കുറിച്ചുള്ള മുഖ്യമന്ത്രി കെജ്രിവാളിന്റെ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍, പ്രതിപക്ഷത്തെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചെന്നാണ് ആരോപണമുള്ളത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.


