രാജ്ഭവനില്‍ നടക്കുന്ന ‘ക്രിസ്മസ് വിരുന്ന്’ പരിപാടിയിലേക്ക് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണിച്ചു. സര്‍ക്കാരും രാജ്ഭവനും തമ്മില്‍ തുടരുന്ന പോരിനിടെയാണിത്. ഈ മാസം 14 നാണ് പരിപാടി. കഴിഞ്ഞ തവണ ക്ഷണം മത മേലാധ്യക്ഷന്മാര്‍ക്ക് മാത്രമായിരുന്നു.
എന്നാല്‍, ഇക്കുറി മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിനു ക്ഷണിച്ചിട്ടുണ്ട്. ഇന്നലെ രാജ്ഭവനില്‍ രാജ്ഭവനില്‍ നിന്നയച്ച ക്ഷണക്കത്തില്‍ ഈ മാസം 14ന് വൈകിട്ട് അഞ്ചിന് ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേക്ക് മുറിക്കല്‍ അടക്കമുള്ള ചടങ്ങുകള്‍ ഉണ്ടാകും.
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ നിയമസഭ പാസാക്കുന്നത് ഈ മാസം 13 നാണ്. ഇതിന് തൊട്ടടുത്ത ദിവസമാണ് രാജ്ഭവനിലെ ക്രിസ്മസ് വിരുന്ന്.
പ്രധാനപ്പെട്ട ആഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ ഇത്തരം വിരുന്ന് രാജ്ഭവനിലും മറ്റും സംഘടിപ്പിക്കാറുണ്ട്. പോര് നടക്കുമ്പോള്‍ ഓണം വാരാഘോഷത്തിന്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്ന പതിവില്‍ നിന്ന് ഗവര്‍ണറെ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഈ എതിര്‍പ്പ് നില്ക്കുന്ന സാഹചര്യത്തിലാണ് വിരുന്നിലേക്ക് ഗവര്‍ണര്‍ സര്‍ക്കാരിനെ ക്ഷണിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ ചടങ്ങിനു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവന് അധികൃതരോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.


