വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്ര നീട്ടി. ഇംഗ്ലണ്ടില്‍ നിന്ന് മുഖ്യമന്ത്രി നാളെ ദുബൈയില്‍ എത്തും. രണ്ട് ദിവസം മുഖ്യമന്ത്രി ദുബായിയില്‍ ചെലവഴിക്കും. നിലവില്‍ മുഖ്യമന്ത്രിക്ക് യുഎഇയില്‍ ഔദ്യോഗിക പരിപാടികളില്ല. യൂറോപ്പ് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തിന് മുഖ്യമന്ത്രി ഭാര്യയെയും മകളെയും കൊച്ചുമകനേയും കൊണ്ടുപോയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നോര്‍വെയില്‍ മുഖ്യമന്ത്രിക്കൊപ്പം കൊച്ചുമകനടക്കമുള്ള കുടുംബാഗങ്ങളും ഉണ്ടായിരുന്നു. നോര്‍വെ പിന്നിട്ട് യുകെയിലെത്തുമ്പോള്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കൊപ്പം ഭാര്യ പാര്‍വ്വതീദേവിയും ഉണ്ടായിരുന്നു. വിദേശ പര്യടനത്തില്‍ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടുന്നതിന് പുറമെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കുടുംബാംഗങ്ങള്‍ എന്തിനെന്നാണ് ഉയരുന്ന ചോദ്യം.
യാത്രയില്‍ ദുരൂഹത ഉണ്ടെന്നും മുന്‍ വിദേശ യാത്രകള്‍ കൊണ്ട് ഉണ്ടായ ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷവും ആവശ്യപ്പെട്ടു. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴുള്ള വിദേശയാത്ര തന്നെ വിവാദത്തിലാണ്.
ഇതിന് പുറമെയാണ് അധിക ചെലവിനെ കുറിച്ചുള്ള വിമര്‍ശനം. എന്നാല്‍ കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലാണെന്ന വിശദീകരണമാണ് സര്‍ക്കാര്‍ നല്‍കുന്നത്.


