സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ പരിഹാരം തേടി ഉന്നതതല യോഗം വിളിച്ച് സര്‍ക്കാര്‍. തെരുവു നായകളുടെ ശല്യം മനുഷ്യ ജീവന് ഭീഷണിയാവുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. സംഭവത്തില്‍ നേരത്തെ സുപ്രീംകോടതിയും ഇടപെട്ടിരുന്നു.
തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി തിങ്കളാഴ്ച തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ്, ആരോഗ്യ വിദഗ്ധര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യോഗത്തിന് മുന്നോടിയായി വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെയെടുത്ത തീരുമാനങ്ങളും നിര്‍ദേശങ്ങളും നടപടികളും സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം തെരുവ്നായ്ക്കളുണ്ടെന്നാണ് കണക്ക്. ഇതില്‍ അക്രമകാരികളായ നായ്ക്കളെ എങ്ങനെ കണ്ടെത്തും എന്നത് വലിയ വെല്ലുവിളിയാണ്. ഈമാസം 28-നാണ് വിഷയത്തില്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കുക. പേപ്പട്ടികളെയും അക്രമകാരികളായ നായ്ക്കളെയും എന്ത് ചെയ്യണമെന്നതില്‍ സര്‍ക്കാരിന്റെയും അനുബന്ധ സംഘടനകളുടെയും അഭിപ്രായം അറിഞ്ഞതിന് ശേഷമാവും സുപ്രീംകോടതി ഉത്തരവ്. കേസില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കക്ഷിചേരാനാകുമോ എന്നതും സര്‍ക്കാര്‍ പരിശോധിക്കും.
നായ്ക്കളെ വന്ധ്യംകരിക്കുന്ന എബിസി(ആനിമല്‍ ബെര്‍ത്ത് കണ്ട്രോള്) പ്രോഗ്രാം രണ്ട് വര്‍ഷമായി നിലച്ചിരിക്കുകയായിരുന്നു. ഇത് വീണ്ടും ഊര്‍ജിതമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.


