കൊവിഡ് രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതില്‍ ആശങ്ക അറിയിച്ച് സുപ്രീംകോടതി. കുറഞ്ഞ നിരക്കില്‍ ആംബുലന്‍സ് സേവനം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
എല്ലാ ജില്ലകളിലും ആവശ്യത്തിന് ആംബുലന്‍സ് ഉണ്ടെന്ന് ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങളോട് കോടതി നിര്‍ദ്ദേശിച്ചു. ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിക്കണമെന്നും കോടതി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് കാലത്ത് ആംബുലന്‍സുകള്‍ രോഗികളില്‍ നിന്ന് കൂടുതല്‍ നിരക്ക് ഈടാക്കുന്നത് ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷണ് അദ്ധ്യക്ഷനായ കോടതിയുടെ ഇടപെടല്‍.
ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. രാജ്യത്ത് കൊവിഡ് രോഗികള്‍ക്ക് ശരിയായ സേവനം ഉറപ്പാക്കുന്നതിനായി ആംബുലന്‍സ് സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, മെയ് മാസം ആകുമ്പോഴേക്ക് തന്നെ രാജ്യത്ത് 64 ലക്ഷം പേര്‍ക്ക് കൊവിഡ് രോഗസാധ്യതയുണ്ടായിരുന്നുവെന്ന് ഐസിഎംആറിന്റെ സെറോ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നു. രാജ്യത്തെ 130 കോടിയോളമുള്ള ജനങ്ങളില്‍ ഏതാണ്ട് 0.73 ശതമാനം പേരും രോഗത്തിന് വിധേയമാകാന്‍ സാധ്യതയുള്ളവരായിരുന്നു. മെയ് 11 മുതല്‍ ജൂണ്‍ 4 വരെയുള്ള തീയതികളില്‍ ഐസിഎംആര്‍ രാജ്യത്തെ 21 സംസ്ഥാനങ്ങളില്‍ നിന്നായി 28,000 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതിന്റെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്.


