കൊവിഡ് വൈറസിനെതിരെ മൂക്കില്‍ സ്പ്രേ ചെയ്യുന്ന വാക്സിനുമായി ചൈന. വാക്സിന് പരീക്ഷണത്തിന് ചൈനയ്ക്ക് അനുമതി ലഭിച്ചു. നവംബറോടെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങും. ഇതിനായി 100 സന്നദ്ധസേവനകരെയും ഒരുക്കിയിട്ടുണ്ട്. ഹോങ്കോംഗ് യൂണിവേഴ്സിറ്റി, ഷിയാമെന് യൂണിവേഴ്സിറ്റി, ബീജിംഗ് വാന്റെയ് ബയോളജിക്കല്‍ ഫാര്‍മസി എന്നിവര്‍ സഹകരിച്ചാണ് വാക്സിന് വികസിപ്പിക്കുന്നത്.
മൂക്കിലൂടെയുള്ള വാക്സിന് എടുക്കുന്നവര്‍ക്ക് കൊവിഡില്‍ നിന്നും ഇന്‍ഫ്ളുവെന്‍സ വൈറസുകളായ എച്ച്1 എന്‍1, എച്ച്3 എന്‍2, ബി എന്നീ വൈറസുകളില്‍ നിന്നും അകന്ന് നില്ക്കാന് സാധിക്കുമെന്നാണ് ഹോങ്കോങ് സര്‍വകലാശാല പറയുന്നത്. മൂക്കില്‍ സ്പ്രേ ചെയ്യുന്ന കൊവിഡ് വാക്സിന് ആദ്യമായാണ് ചൈന പരീക്ഷണാനുമതി നല്‍കുന്നതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ശ്വാസകോശത്തെ ബോധിക്കുന്ന വൈറസുകള്‍ പടരുന്നത് തടയുമെന്നും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും ഹോങ്കോംഗ് യൂണിവേഴ്സിറ്റി മൈക്രോബയോളജിസ്റ്റ് യുവെന് ക്വക് യുങ് പറഞ്ഞു. മൂന്ന് ഘട്ടങ്ങളും പൂര്‍ത്തിയാക്കാന്‍ അടുത്ത വര്‍ഷത്തോടെ മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ള വാക്സിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്പാദനത്തിനും വിതരണത്തിനും പ്രയോഗത്തിനും മൂക്കില്‍ സ്പ്രേ ചെയ്യുന്ന വാക്സിന് കൂടുതല്‍ സൗകര്യമാകും. അതേസമയം, ആസ്ത്മ, ശ്വാസ കോശം ചുരുങ്ങല്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യതയുണ്ട്.


