ആര്‍എസ്.എസ് പരിപാടിയില്‍ പങ്കെടുത്തെന്ന വിവാദങ്ങളില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ആര്.എസ്.എസിന്റെ പരിപാടി ആയിരുന്നില്ല അതെന്നും വിവേകാനന്ദന്റെ 150ാം ജന്മവാര്ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചടങ്ങായിരുന്നു അതെന്നും സതീശന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അത്. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആയിരുന്ന പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങ് ആര്.എസ്.എസ് പരിപാടിയായിരുന്നില്ല.
സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് പങ്കെടുത്തത്. നേരത്തെ തിരുവനന്തപുരത്തെ സമാനമായ പരിപാടിയിലെ പുസ്തക പ്രകാശനത്തില്‍ പങ്കെടുത്തത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദനായിരുന്നു. ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളും ആരോപണങ്ങളും വി.എസ് അച്യുതാനന്ദനും കൂടി ബാധകമാണെന്ന് സി.പി.എമ്മുകാരും ഓര്‍ക്കണമെന്നും സതീശന് പറഞ്ഞു.
ആര്‍എസ്എസിനോടാണ് തനിക്ക് എതിര്‍പ്പെന്നും അത് ഹിന്ദുക്കളോടുള്ള എതിര്‍പ്പായി ചിത്രീകരിക്കേണ്ടതില്ലെന്നും വി ഡി സതീശന് പറഞ്ഞു. ഒരു വര്‍ഗീയവാദിയുടേയും വോട്ടുചോദിച്ച് താന്‍ പോയിട്ടില്ല. വര്‍ഗീയ വാദികള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്നും വി ഡി സതീശന് ആഞ്ഞടിച്ചു. സ്വാമി വിവേകാനന്ദന് ഹിന്ദുവിനെക്കുറിച്ച് പറഞ്ഞതും സംഘപരിവാര്‍ പറയുന്ന ഹിന്ദുത്വയും രണ്ടാണെന്ന് ഈ പരിപാടിയിലും താന്‍ പറഞ്ഞിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഒന്ന് 2006ല്‍ ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിക്കുന്നത്. മറ്റൊന്ന് 2013ലെ പുസ്തക പ്രകാശനം. ഇതില്‍ 2013 മാര്‍ച്ച് 13ന് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ആണ് മാര്‍ച്ച് 24ന് ഞാന്‍ പങ്കെടുത്തത്. 2006ലെ ചിത്രത്തെ കുറിച്ച് ഇപ്പോള്‍ കൃത്യമായി ഓര്‍മ്മിക്കുന്നില്ല. ഇത് കൃത്രിമമായി നിര്‍മിച്ചതാണോ എന്നത് പരിശോധിക്കേണ്ടതുണ്ട്.
സജി ചെറിയാന്റെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട വിചാരധാര പരാമര്‍ശത്തിലും വി ഡി സതീശന് വിശദീകരണം നല്കി. സജി ചെറിയാന് പറഞ്ഞതിന് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ പറയുന്ന ആശയങ്ങളുമായി ബന്ധമുണ്ടെന്നത് ഒരു ബിജെപി നേതാവും നിഷേധിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പി കെ കൃഷ്ണദാസ് കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത് മതേതരത്വം എന്നത് ഭരണഘടനയില്‍ നിന്ന് നീക്കണമെന്നാണ്. മതേതരത്വവും ജനാധിപത്യവും കുന്തവും കുടചക്രവുമാണെന്നും സജി ചെറിയാന് പറഞ്ഞിരുന്നു. ഭരണഘടനയെ ഭാരതീയവത്ക്കരിക്കണമെന്ന് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞെന്ന് കൃഷ്ണദാസ് പറയുന്നു. എന്നാല്‍ കോടതി വ്യവഹാരങ്ങളെ ഭാരതീയവത്ക്കരിക്കണമെന്ന് മാത്രമാണ് പ്രസംഗത്തില്‍ ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ആര്‍എസ്എസ് വേദിയിലെന്ന് പറഞ്ഞ് ബിജെപിക്കാര്‍ പുറത്തുവിട്ട ചിത്രത്തിന് ഏറ്റവും കൂടുതല്‍ പ്രചാരം നല്‍കിയത് സിപിഐഎം ആണെന്ന് വി ഡി സതീശന് പറഞ്ഞു. വി എസും സമാനപരിപാടിയില്‍ പങ്കെടുത്തു. തനിക്കെതിരായ ആക്ഷേപങ്ങള്‍ അദ്ദേഹത്തിനും ബാധകമാണെന്ന് സിപിഐഎം തിരിച്ചറിയണമെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.


