ഉത്തര്‍പ്രദേശില്‍ തൊഴില്‍മന്ത്രി സ്വാമി പ്രസാദ് മൗര്യ രാജിവെച്ചതിന് പിന്നാലെ മൂന്ന് ബി.ജെ.പി എംഎല്‍എമാരും പാര്‍ട്ടി വിട്ടു. റോഷന് ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗര്‍ എന്നിവരാണ് രാജിവെച്ചത്. ഇവര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേരും. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് യോഗി ആദിത്യനാഥിനും ബിജെപിക്കും തിരിച്ചടിയായി പ്രമുഖ നേതാക്കന്മാരുടെ കൂടുമാറ്റം.
ഉത്തര്‍പ്രദേശിലെ പിന്നാക്ക വിഭാഗക്കാരില്‍ വലിയ സ്വാധീനമുള്ള നേതാവാണ് സ്വാമി പ്രസാദ് മൗര്യ. യോഗി സര്‍ക്കാര്‍ പിന്നാക്ക വിഭാഗക്കാരോട് നീതി പുലര്‍ത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു രാജി. ‘തീര്‍ത്തും ഭിന്നമായ ആശയങ്ങളായിട്ടുകൂടി യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ വളരെ ആത്മാര്‍ത്ഥതയോടെയാണ് ഞാന്‍ എന്റെ ദൗത്യം നിര്‍വഹിച്ചിരുന്നത്. എന്നാല്‍ കര്‍ഷകര്‍ക്കും ദലിതുകള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നേരെ തുടരുന്ന അടിച്ചമര്‍ത്തലില്‍ പ്രതിഷേധിച്ച് ഞാന്‍ രാജിവെക്കുകയാണ്’- രാജിക്കത്തില്‍ മൗര്യ പറഞ്ഞു.
രാജിക്കത്ത് പുറത്ത് വരുന്നതിന് മുന്‍പ് തന്നെ അദ്ദേഹം അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൗര്യ 2016 ല്‍ മായാവതിയുടെ ബി.എസ്.പി വിട്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. നിലവില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ പദ്രൗനയില്‍ നിന്നുള്ള എം.എല്‍.എയാണ്. മൗര്യയെ പിന്തുണക്കുന്ന കൂടുതല്‍ എം.എല്‍.എമാരും മന്ത്രിമാരും രാജിവെക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.