ബിഹാറില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പ്രതീക്ഷിച്ച നേട്ടം മഹാസഖ്യം ഉണ്ടാക്കിയില്ല. ഇന്ത്യന്‍ രാഷ്ട്രീയം ഭാവിയില്‍ ബിജെപിക്ക് സുഖകരമാവില്ലെന്ന സൂചനയും ബിഹാറില്‍ നിന്നും വരുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
യുഡിഎഫ് നേതാക്കളെ ജയിലടക്കുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്റെ പ്രസ്താവന അധികാര ദുര്‍വിനിയോഗമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് നേതാക്കളെ വേട്ടയാടലിന്റെ ഉദാഹരണമാണ് കെ എം ഷാജിക്കെതിരെ നടക്കുന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷിച്ച് ഒന്നും കണ്ടെത്താനാവാത്ത വിജിലന്‍സ് കേസ് ഇഡിക്ക് കൈമാറിയെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
അതേസമയം, എട്ട് മണിക്ക് തുടങ്ങിയ ബിഹാര്‍ വോട്ടെണ്ണല്‍ മന്ദഗതിയില്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കാവുന്ന സ്ഥിതി ബിഹാറിലായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. 73 മണ്ഡലങ്ങളില്‍ ആയിരത്തില്‍ താഴെ മാത്രമാണ് ലീഡെന്നത് ഫലം അപ്രവചനീയമാക്കുന്നു. വോട്ടെണ്ണല്‍ തുടങ്ങി നാലരമണിക്കൂര്‍ പിന്നിടുമ്പോള്‍ മൂന്നിലൊന്ന് വോട്ടുകള്‍ മാത്രമാണ് എണ്ണിക്കഴിഞ്ഞതെന്നാണ് വ്യക്തമാകുന്നത്.
2015ലേക്കാള്‍ ബിജെപി നില മെച്ചപ്പെടുത്തിയപ്പോള്‍ ഭരണവിരുദ്ധ വികാരം നേരിടുന്ന ജെഡിയു സിറ്റിങ് സീറ്റുകളില്‍പോലും പിന്നിലാണ്. ആര്‍ജെഡിക്കും കോണ്‍ഗ്രസിനും തിരിച്ചടി നേരിടേണ്ടി വരുമ്പോള്‍ ഇടത് പാര്‍ട്ടികള്‍ക്ക് വന്‍ നേട്ടമുണ്ടാക്കി. മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് നേട്ടം. മധ്യപ്രദേശില്‍ ശിവരാജ്സിങ് ചൗഹാന് അധികാരം ഉറപ്പിക്കുന്ന ഘട്ടത്തിലെത്തി. ഗുജറാത്തിലും കര്‍ണാടകയിലും ജാര്‍ഘണ്ഡിലും ഉത്തര്‍പ്രദേശിലും ബിജെപി തന്നെയാണ് മുന്നിലാണ്.


