രാജ്യത്ത് നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. നിയമവിധേയമായല്ലാതെ പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളെ തടയുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി ആദ്യം നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാനാണ് നീക്കം.
പട്ടിക തയ്യാറാക്കാന്‍ ആര്‍ബിഐയോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി, ആപ്പ് സ്റ്റോറുകളില്‍ നിന്ന് മറ്റെല്ലാ നിയമ വിരുദ്ധ ആപ്പുകളും നീക്കാന്‍ നടപടിയെടുക്കും. ഇക്കാര്യം ഉറപ്പു വരുത്താന്‍ ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സര്‍പേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പുകളുടെ ബഗളൂരു ഓഫീസില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. നിയമ വിരുദ്ധമായി നടത്തുന്ന ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായായി ആയിരുന്നു നടപടി.


