സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷന് മുന്‍ അധ്യക്ഷയുമായ എംസി ജോസഫൈന് അനുശോചനം അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തമായ മുഖമായിരുന്നു ജോസഫൈനെന്നും ഇടതുപക്ഷ പ്രസ്ഥാനത്തിന് കനത്ത ആഘാതമാണ് ജോസഫൈന്റെ വിയോഗമെന്നും കെവി തോമസ് അനുശോചിച്ചു.
‘സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന്റെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തുന്നു. ദീര്‍ഘകാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തമായ ഒരു സ്ത്രീ മുഖമായിരുന്നു അവരുടേത്. ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴുള്ള അവരുടെ വേര്‍പാട് ഇടതുപക്ഷ പ്രസ്ഥാനത്തിന് ഒരു ആഘാതമാണ്,’ കെവി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എകെജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ജോസഫൈന്റെ അന്ത്യം. മൃതദേഹം അഞ്ച് മണിയോടെ എറണാകുളത്തേക്ക് കൊണ്ടുപോകും. ഭൗതിക ശരീരം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറും. പഠനാവശ്യത്തിനായാണ് മൃതദേഹം വിട്ടുനല്‍കുന്നത്. ജോസഫൈന്റെ ആഗ്രഹ പ്രകാരമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കുന്നത്. തിങ്കളാഴ്ച്ച ഉച്ചക്ക് 2 ന് മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിക്കും.
ഇന്നലെ കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചാണ് ജോസഫൈന് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 2017 മാര്‍ച്ച് മാസം മുതല്‍ 2021 ജൂണ്‍ 25 വരെ, സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ജി.സി.ഡി.എ. ചെയര്‍പേഴ്സണും വനിതാ വികസന കോര്പറേഷന് ചെയര്‍പേഴ്സണുമായിരുന്നു.


