ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപമുള്ള ശങ്കരാചാര്യ മഠത്തിലും വിള്ളല്‍ രൂക്ഷം. ജല വൈദ്യുത പദ്ധതി തന്നെയാണ് പ്രശ്നങ്ങള്‍ക്ക് കാരണം എന്നാണ് മഠത്തിലെ ആളുകളും വിശ്വസിക്കുന്നത്. കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വിള്ളലുകളുണ്ടായതെന്നാണ് മഠ് അധികാരികള്‍ വിശദമാക്കുന്നത്. അതേസമയം ജോഷിമഠില്‍ ഇതുവരെ 81 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായാണ് ജില്ലാ ഭരണകൂടം വിശദമാക്കുന്നത്.
1191 പേരെ ഉള്‍ക്കൊള്ളുന്ന കെട്ടിടങ്ങള്‍ കണ്ടെത്തി നല്‍കിയതായും ജില്ലാ ഭരണകൂടം പുറത്തുവിട്ട പ്രതിദിന റിപ്പോര്‍ട്ടില്‍ പറയുന്നു. ജോഷിമഠിനു പുറത്ത് പീപ്പല്‍കൊട്ടി എന്ന സ്ഥലത്തും കെട്ടിടങ്ങള്‍ കണ്ടെത്തി നല്‍കിയിട്ടുണ്ട്. 2,65,000 രൂപയാണ് ആദ്യഘട്ടത്തില്‍ അടിയന്തര ധനസഹായമായി നല്‍കിയത്. ഇന്ന് രണ്ട് കേന്ദ്ര സംഘങ്ങള്‍ കൂടി ജോഷിമഠ് സന്ദര്‍ശിക്കും. ദേശീയ ബില്‍ഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങളും നാളെ ജോഷിമഠില്‍ എത്തുമെന്നാണ് സൂചന.
ഭൂമി വിള്ളലിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ 600 വീടുകള്‍ ഒഴിപ്പിച്ചു. 4000 പേരെയാണ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. പ്രദേശത്ത് ഉപഗ്രഹ സര്‍വ്വേ നടത്തുകയും ചെയ്ത ശേഷമാണ് ഒഴിപ്പിക്കല്‍ നടപടി സ്വീകരിച്ചത്. ദുരിതബാധിത കുടുംബങ്ങള്‍ക്ക് അവശ്യ വീട്ടുപകരണങ്ങള്‍ക്കായി സഹായധനം ജില്ലാ ഭരണകൂടം വിതരണം ചെയ്തു.
നാശനഷ്ടം കണക്കിലെടുത്താല്‍ 90 കുടുംബങ്ങളെയെങ്കിലും എത്രയും പെട്ടെന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. വിദഗ്ധ സമിതി ഇന്ന് ജോഷിമഠം സന്ദര്‍ശിക്കും. ഇവിടത്തെ രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്ററുകള്‍ വരെ തയ്യാറാക്കിയിട്ടുണ്ട്. പ്രദേശത്തെ സാഹചര്യങ്ങള്‍ ആശങ്ക സൃഷ്ടിച്ചത്തോടെ പ്രധാനമന്ത്രി പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇവിടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെ്ന്റ്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, റൂര്‍ക്കി ഐഐടി, വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി ആന്‍ഡ് സെന്‍ട്രല്‍ ബില്‍ഡിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘത്തോട് പഠനം നടത്തി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജോഷിമഠിലെ 600ലേറെ വീടുകളില്‍ വിള്ളല്‍ വീഴുകയും ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്. ബദ്രിനാഥ്, ഹേംകുണ്ഡ് സാഹിബ് എന്നിവിടങ്ങളിലേക്കുള്ള കവാടമാണ് ഈ നഗരം. വിദഗ്ധ സമിതി ഇന്ന് ജോഷിമഠം സന്ദര്‍ശിക്കും. ജോഷിമഠില്‍ ആകെ 4,500 കെട്ടിടങ്ങളാണുള്ളത് ഇവയില്‍ 610 കെട്ടിടങ്ങള്‍ വലിയ വിള്ളലുകള്‍ വികസിപ്പിച്ചെടുത്തു. അവ താമസയോഗ്യമല്ലാതായി. പല കെട്ടിടങ്ങളിലും തവിട്ടുനിറത്തിലുള്ള ചെളിവെള്ളം ഒഴുകുന്നു. പട്ടണത്തിലെ ഒരു വലിയ ജനസംഖ്യ ഇതിനകം തന്നെ വീടുകള്‍ വിട്ടുപോയിട്ടുണ്ട്.
രണ്ട് വാര്‍ഡുകളില്‍ കണ്ടു തുടങ്ങിയ പ്രശ്നം പത്തിലേറെ വാര്‍ഡുകളില്‍ ഭീഷണിയായതോടെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയിരിക്കയാണ്. ജോഷിമഠ് രക്ഷിക്കാനായി തുരങ്ക നിര്‍മ്മാണം നിര്‍ത്തി വെക്കണമെന്ന് മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആവശ്യപ്പെട്ടിരുന്നു.


