പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക ബില്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളെ രേഖാമൂലം അറിയിച്ചു. അതേസമയം, അഞ്ച് നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്പില് രേഖാമൂലം നല്‍കിയിരിക്കുന്നത്.
സര്‍ക്കാരിന്റെ ഫോര്‍മുലയോട് വഴങ്ങണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാര്‍ കര്‍ഷക സംഘടനകള്‍ യോഗം തുടങ്ങി. ഇതേത്തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ആറാംഘട്ട ചര്‍ച്ച റദ്ദാക്കി. ഫോര്‍മുലയെ ക്രിയാത്മകമായി പരിഗണിക്കുമെന്ന് കര്‍ഷക സംഘടനകള്‍ പ്രതികരിച്ചു. എന്നാല്‍ നേരത്തെ നടന്ന ചര്‍ച്ചകളില്‍ കേന്ദ്രം മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ തന്നെയാണ് കര്‍ഷകര്‍ക്ക് കേന്ദ്രം രേഖാമൂലം ഇന്ന് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ കര്‍ഷകര്‍ നിര്‍ദേശങ്ങള്‍ എത്രത്തോളം സ്വീകരിക്കുമെന്നത് വ്യക്തമല്ല.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ഷക സംഘടനകളുടെ നിലപാട് നിര്‍ണായകമാകും. കേന്ദ്രമന്ത്രിമാരായ അമിത് ഷായും പിയൂഷ് ഗോയലും തയാറാക്കിയ അനുരഞ്ജന ഫോര്‍മുലയില്‍ നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാനാകില്ലെന്ന നിലപാട് കേന്ദ്രം ആവര്‍ത്തിച്ചു. എന്നാല്‍ ഭേദഗതികള്‍ ആകാം. താങ്ങുവിലയുടെ കാര്യത്തില്‍ രേഖാമൂലം ഉറപ്പു നല്‍കും, കരാര്‍ കൃഷി തര്‍ക്കങ്ങളില്‍ കര്ഷകന് നേരിട്ട് കോടതിയെ സമീപിക്കാന്‍ അവകാശം നല്‍കും, ഭൂമിയുടെ ഉടമസ്ഥാവകാശം കര്ഷകനില് നിലനിര്‍ത്തും, സ്വകാര്യ, സര്‍ക്കാര്‍ ചന്തകളുടെ നികുതി ഏകീകരണം, സര്ക്കാര്ച്ചന്തകള് നിലനിര്‍ത്താനും ശക്തിപ്പെടുത്താനും വ്യവസ്ഥകള്‍, സ്വകാര്യ മേഖലയ്ക്ക് നിയത്രണം തുടങ്ങിയവയാണ് ഫോര്‍മുലയിലുള്ളത്. നിലവിലെ നിയമത്തില്‍ ആകെ എട്ടു ഭേദഗതികള്‍ വേണ്ടി വരുമെന്ന് സരക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴും സര്‍ക്കാരിന്റെ ഫോര്‍മുലയെ ക്രിയാത്മകമായി പരിഗണിക്കുമെന്ന് കര്‍ഷക സംഘടനകള്‍ പ്രതികരിച്ചു.
നിയമങ്ങള്‍ പിന്‍വലിച്ച് കര്‍ഷകരുടെ ആശങ്കകള്‍ പഠിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് രൂപം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ പ്രതിപക്ഷ പാര്‍ട്ടികളുടെ അഞ്ചംഗസംഘം വൈകിട്ട് രാഷ്ട്രപതിയെ കാണും. ശരദ് പവാര്‍, സീതാറാം യെച്ചൂരി, ഡി. രാജ, ടി.കെ.എസ് ഇലങ്കോവന്‍ എന്നിവരും സംഘത്തിലുണ്ടാകും. 24 പ്രതി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പിട്ട നിവേദനവും രാഷ്ട്രപതിക്ക് കൈമാറും.


