കൊച്ചി: കൊച്ചിയില്‍ കണക്കില്‍പ്പെടാത്ത 88 ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് പി.ടി.തോമസ് എംഎല്‍എ. താന്‍ ഇടപെട്ടത് മധ്യസ്ഥ ചര്‍ച്ചയ്ക്കാണെന്നും എംഎല്‍എ. എറണാകുളത്ത് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവില്‍ കൈമാറാന്‍ ശ്രമിച്ച 88 ലക്ഷം രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. പണമിടപാട് സമയം സ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എംഎല്‍എ ഓടിരക്ഷപ്പെട്ടെന്ന പേരില്‍ വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ആരോപണം നിഷേധിച്ച് പി.ടി രംഗത്തെത്തിയത്.
തന്റെ മുന്‍ ഡ്രൈവറുടെ വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട് സ്ഥലത്ത് പോയിരുന്നു. ആദായ നികുതി ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ടെന്ന ആരോപണം ശരിയല്ല. താന്‍ പോയ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടന്നിരുന്നു. എന്നാല്‍ കള്ളപ്പണത്തെക്കുറിച്ചോ മറ്റ് ഇടപാടുകളെക്കുറിച്ചോ തനിക്ക് അറിവില്ലെന്നും പി.ടി തോമസ് പറഞ്ഞു.
ഭൂമിതര്‍ക്കം പരിഹരിക്കാന്‍ ഇടപെടണമെന്ന് സ്ഥലത്തിന്റെ ഉടമ രാജീവന് ആവശ്യപ്പെട്ടതാണ്. വാര്‍ഡ് കൗണ്‍സിലര്‍ വഴിയാണ് തന്നെ സമീപിച്ചതെന്നും എംഎല്‍എ പ്രതികരിച്ചു. ഒക്ടോബര്‍ രണ്ടിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും, വാര്‍ഡ് കൗണ്‍സിലറും ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇത് പ്രകാരമാണ് കരാര്‍ എഴുതാന്‍ തീരുമാനിച്ചത്. രാമകൃഷ്ണനും, രാജീവനും തമ്മില്‍ വര്‍ഷങ്ങളായുള്ള ഭൂമിതര്‍ക്കമാണ് അത്. വീട് വാങ്ങിയ രാമകൃഷ്ണന് പല തവണ വീട് തകര്‍ക്കാന്‍ ശ്രമിച്ചെന്ന് രാജീവന്റെ കുടുംബം പരാതി പറഞ്ഞു. 50 ലക്ഷം രൂപയാണ് രാമകൃഷ്ണന് കൈമാറാനായി കൊണ്ടുവന്നത്. ഇത് കള്ളപ്പണമെങ്കില് രാമകൃഷ്ണനെതിരെ നടപടിയെടുക്കണം. താനും വാര്‍ഡ് കൗണ്‍സിലറും വിഷയത്തില്‍ ഇടപെട്ടത് രാജീവന്റെ കുടുംബത്തെ സഹായിക്കാനാണെന്നും പി ടി തോമസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇടപ്പളളി അഞ്ചുമന ക്ഷേത്രത്തിനടുത്തുളള രാജീവന് എന്നയാളുടെ വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് പണം കണ്ടെടുത്തത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ പി.ടി. തോമസ് എംഎല്‍എയും പണമിടപാട് നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തിയതിന് തൊട്ടുപിന്നാലെ എല്‍എഎ ഇവിടെ നിന്ന് സ്ഥലം വിടുകയായിരുന്നു. പണം കണ്ടെടുത്ത വീടിന്റെ ഉടമയായ രാജീവനില്‍ നിന്ന് സ്ഥലം വാങ്ങാനെത്തിയ രാധാകൃഷ്ണന് എന്നയാളും ഇവിടെയുണ്ടായിരുന്നു.


