ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. താന്‍ വളരെ സാധാരണ രീതിയിലുള്ള ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണെന്നും മറ്റൊന്നും ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍.
”ഇങ്ങനെ ശ്രദ്ധ കിട്ടുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഞാന്‍ അത് തേടാറില്ല. എന്റെ ജോലിയുമായി ഞാന്‍ മുന്നോട്ടുപോകുന്നു. കൊല്‍ക്കത്തയില്‍ വളരെ സാധാരണമായ ഒരു ജീവിതമാണ് ഞാന്‍ നയിക്കുന്നത്. ആളുകളെ കാണുന്നു, അവരോട് സംസാരിക്കുന്നു, അവരുമായി സമയം ചെലവഴിക്കുന്നു. അതാണ് എന്റെ പ്രകൃതം. അങ്ങനെയാണ് ഞാന്‍. വളരെ സൗഹൃദപരമായി ഇടപെടുന്ന ഒരാളാണ് ഞാന്‍. പ്രശസ്തനായ ഒരു വ്യക്തി ആയതിനാല്‍ ഞാന്‍ എത്തിപ്പെടാന്‍ കഴിയാത്ത ഒരാളാവണമെന്നല്ല എന്റെ ചിന്ത.”- ഗാംഗുലി പറഞ്ഞു.