തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരായവരുടെയും. ക്വാറന്റൈനില്‍ കഴിയുന്നവരുടെയും വോട്ടുകള്‍ രേഖപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച സെപ്ഷ്യല്‍ പോളിംഗ് ഓഫീസര്‍മാര്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്ന പരാതി വ്യാപകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂര്‍ അടക്കമുള്ള ജില്ലകളില്‍ ഇത്തരം പരാതികള്‍ വ്യാപകമാണ്. അതുകൊണ്ട് ഇത്തരം ഉദ്യേഗസ്ഥരെ സെപ്ഷ്യല്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്നതടക്കമുള്ള തിരഞ്ഞെടുപ്പ്്് ജോലികളില്‍ നിന്ന് ഒഴിവാക്കാന്‍ അടിയന്തിരമായി തയ്യാറാകണമെന്നും രമേശ് ചെന്നിത്തല സംസ്ഥാന തിരഞ്ഞെടുപ്പ്് കമ്മീഷനോടാവശ്യപ്പെട്ടു.
കോവിഡ് ബാധിതരും, ക്വാറന്റീനില്‍ കഴിയുന്നവരുമായ സ്പെഷ്യല്‍ വോട്ടര്‍മാരില്‍ നിന്ന് തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസം മൂന്ന് മണിക്ക് മുമ്പ് വരെയാണ് സ്പെഷ്യല്‍ വോട്ടുകള്‍ സ്വീകരിക്കേണ്ടത്. തൃശൂര്‍ നഗരസഭ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ സ്പെഷ്യല്‍ ഓഫീസര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നവരുടെ കയ്യില്‍ അഫിഡവിറ്റുകള്‍ പോലും കൈപ്പറ്റുന്നില്ലന്ന പരാതി വളരെ വ്യാപകമായി ഉയര്‍ന്നിരിക്കുകയാണ്. വോട്ടര്‍ പട്ടികയിലെ ക്രമ നമ്പറും ബാലറ്റ് പേപ്പറിലെ ക്രമ നമ്പറും തമ്മില്‍ താരതമ്യം ചെയ്ത് നോക്കാന്‍ പല സെപ്ഷ്യല്‍ ഓഫീസര്‍മാരും ശ്രമിക്കുന്നില്ല. മാത്രമല്ല ബാലറ്റ് പേപ്പര്‍ സ്വീകരിച്ചുവെന്ന റസീറ്റ് പോലും കൊടുക്കാന്‍ പല സ്പെഷ്യല്‍ ഓഫീസര്‍മാരും തെയ്യാറുകുന്നില്ലന്ന പരാതിയും വ്യാപകമായിട്ടുണ്ട്.
ഇതെല്ലാം വോട്ടുകളില്‍ കൃത്രിമം കാണിക്കാനോ വോട്ടുകള്തട്ടിയെടുക്കാനോ വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തൃശൂര്‍ ഡിസിസി അധ്യക്ഷനും, അവിടുത്തെ എംപിയും തൃശൂര്‍ ജില്ലാ വരണാധികാരിക്കും, നഗരസഭ റിട്ടേണിംഗ് ഓഫീസര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു. അത് കൊണ്ട് തന്നെ സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തിരമായി ഇടപെട്ട് ആരോപണം നേരിടുന്ന സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരെ തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് ഉടന്‍ പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.