തിരുവനന്തപുരം: : മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള ലോക് ബന്ധു രാജ് നാരായണ്‍ ജി ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ രാംവിലാസ് പുരസകാരം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഏറ്റുവാങ്ങി. സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആര്. അനില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഫൗണ്ടേഷന് ചെയര്മാന് മുഹമ്മദ് ആസിഫ് അധ്യക്ഷത വഹിച്ചു. എം.കെ. പ്രേമചന്ദ്രന് എം പി, അഡ്വ. ശാന്തകുമാരി എം എല്‍ എ, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് അഡ്വ. എ.എ. റഷീദ്, ചാലക്കുടി നഗരസഭ ചെയര്മാന് എബി ജോര്‍ജ് മറ്റ് വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും അവാര്‍ഡ് ജേതാക്കളും സംഘടനാ ഭാരവാഹികളും സംസാരിച്ചു
വിവിധ മേഖലകളില്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ആരോഗ്യ മേഖലയില്‍ ഡയാലിസിസ് രോഗികള്‍ക്ക് നല്കി വരുന്ന കാരുണ്യ സ്പര്‍ശം ചികിത്സ സഹായ പദ്ധതി, ഗ്രാമീണ മേഘലയുടെ വികസനം, സ്ത്രീ ശാക്തീകരണ പദ്ധതികളായ സ്മാര്‍ട്ട് അയണ്‍ യൂണിറ്റ്, അപാരല്‍ പാര്‍ക്ക്, ഡ്രൈ ഫിഷ് യൂണിറ്റ്, എനി ടൈം മില്‍ക്ക്, കുട്ടികള്കും വൃദ്ധര്‍ക്കും , പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റു വിഭാഗങ്ങള്‍ക്കും, പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന പദ്ധതി, വികലാംഗര്‍ക്ക് രാജാഹംസം മുച്ചക്ര വാഹനവും, ചലനം ഇലക്ട്രിക് സ്കൂട്ടര്‍ നല്‍കിയതടക്കം ഒട്ടനവധി ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കിയതാണ് ഉല്ലാസിനെ അവാര്‍ഡിന് അര്ഹമാക്കിത്.


