വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയില്‍ നിന്ന് സ്വയം ഒഴിഞ്ഞതാണെന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഹാബിറ്റാറ്റിന്റെ ചെയര്മാന് ജി ശങ്കര്‍. പദ്ധതിയിലെ കണ്‍സള്‍ട്ടന്‍സി മാത്രമായിരുന്നു ഹാബിറ്റാറ്റ്. കഴിഞ്ഞ ഒക്ടോബറിലാണ് ഹാബിറ്റാറ്റ് ലൈഫ് മിഷന് കണ്‍സള്‍ട്ടന്‍സി ഒഴിഞ്ഞത്.
പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നെന്ന് ജി. ശങ്കര്‍ വ്യക്തമാക്കി. ആദ്യം കണക്കാക്കിയ 31 കോടിയുടെ പദ്ധതി പിന്നീട് 15 കോടിക്കകത്ത് ചെയ്യണമെന്ന് ലൈഫ് മിഷന് ഹാബിറ്റാറ്റിനോട് ആവശ്യപ്പെട്ടു. നിര്‍മിക്കുന്ന ഭവനങ്ങളുടെ എണ്ണവും കുറഞ്ഞു. പലതവണ പദ്ധതിയുടെ രൂപരേഖ മാറ്റേണ്ടിവന്നുവെന്നും സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ലെന്നും ജി.ശങ്കര്‍ പറഞ്ഞു.
സ്പോണ്‍സര്‍ഷിപ്പിന്റെ കാര്യത്തില്‍ സംശയമുണ്ടെന്നും അതിനാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും ലൈഫ് മിഷന് പറഞ്ഞു. കരാറുകാരന് കൂടുതല്‍ അനുകൂലമാകുന്ന തരത്തില്‍ പദ്ധതിയില്‍ മാറ്റങ്ങള്‍ വന്നു. പദ്ധതിയില്‍ ഉയര്‍ന്നതുക ക്വോട്ട് ചെയ്തതുകൊണ്ടാണ് ഹാബിറ്റാറ്റിനെ ഒഴിവാക്കിയതെന്ന ആരോപണം ശരിയല്ലെന്നും ജി. ശങ്കര്‍ പറഞ്ഞു. റെഡ് ക്രസന്റ് യൂണിറ്റാക്ക് എന്നീ പേരുകള്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


