നിക്ഷേപത്തട്ടിപ്പു കേസില്‍ എം.സി. കമറുദ്ദീന് എംഎല്‍എയുടെ കാസര്‍കോട് പടന്നയിലെ വീട്ടില്‍ പൊലീസ് റെയ്ഡ്. പൂക്കോയ തങ്ങളുടെ വീട്ടിലും പൊലീസ് പരിശോധന. രേഖകള്‍ കസ്റ്റഡിയിലെടുത്തു.
എന്നാല്‍, ആരുടെയും പണം തട്ടിയെടുത്തിട്ടില്ലെന്ന് നിക്ഷേപ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മഞ്ചേശ്വരം എം.എല്‍.എ. എം.സി. കമറുദ്ദീന് പറഞ്ഞു. ഉപജീവനമാര്‍ഗത്തിനായി ചേര്‍ന്ന ഫാഷന്‍ ഗോള്‍ഡ് ജുവലറി ബിസിനസ് സംരംഭം തകര്‍ന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും മഞ്ചേശ്വരം എംഎല്‍എ കൂടിയായ കമറുദ്ദീന് പറഞ്ഞു. സിപിഎം ഉള്‍പ്പടെയുള്ള നേതാക്കളെ മധ്യസ്ഥരാക്കി നിക്ഷേപകര്‍ക്ക് പണം തിരികെ നല്കാന് താന്‍ തയ്യാറാണെന്നും കമറുദ്ദീന് പറയുന്നു.
കമറുദ്ദീനെതിരെ നേരത്തെ വണ്ടിച്ചെക്ക് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിക്ഷേപ തട്ടിപ്പ് കേസിനു പിന്നാലെയാണ് എംഎല്‍എ വണ്ടിച്ചെക്ക് കേസിലും ആരോപണവിധേയനായത്. കമറുദ്ദീന് ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡില്‍ 70 ലക്ഷം രൂപ നിക്ഷേപിച്ച രണ്ട് പേര്‍ക്ക് വണ്ടിചെക്ക് നല്കിയ കേസില്‍ കോടതി സമന്‍സ് അയച്ചിട്ടുണ്ട്. കള്ളാര്‍ സ്വദേശികളായ സഹോദരന്മാരുടെ പരാതിയിലാണ് കേസ്.
വഞ്ചനാക്കുറ്റത്തിനും കമറുദ്ദീനെതിരെ കേസെടുത്തിട്ടുണ്ട്. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഖമറുദ്ദീനെതിരെ പൊലീസ് കേസെടുത്തത്. മൂന്ന് പേരില്‍ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരില്‍നിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന. ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവര്‍ നല്കിയ പരാതിയിലാണ് എംഎല്‍എയ്ക്കെതിരെ കേസെടുത്തത്.
എണ്ണൂറോളം പേര് നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷന്‍ ഗോള്ഡിന് ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയില്‍ അടച്ച് പൂട്ടിയിരുന്നു. എന്നാല്‍, നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകര്‍ പരാതി നല്‍കുകയായിരുന്നു.


