അഗര്‍ത്തല: മുതിര്‍ന്ന ബിജെപി നേതാവ് ഡോ. മാണിക് സാഹ രണ്ടാമതും ത്രിപുര മുഖ്യമന്ത്രിയായി അധികാരമേറ്റു. അഗര്‍ത്തലയിലെ വിവേകാനന്ദ മൈതാനത്താണ് മണിക് സാഹ രണ്ടാം തവണയും ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഭാരതീയ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
എഴുപതുകാരനായ മണിക് സാഹയ്ക്കു പുറമെ രത്തന്‍ ലാല്‍ നാഥ്, പ്രണജിത് സിംഗ് റോയ്, സന്താന ചക്മ, ടിങ്കു റോയ്, ബികാഷ് ദേബ്ബര്‍മ എന്നിവരുള്‍പ്പെടെ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ സത്യദേവ് നരേന് ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു.
ബി.ജെ.പി.യില്‍ നിന്ന് എട്ട് മന്ത്രിമാരും സഖ്യകക്ഷിയായ ഐ.പി.എഫ്.ടി.യില്‍ നിന്ന് ഒരാളും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഇതില്‍ അഞ്ച് പേര് പുതുമുഖങ്ങളാണ്. നേരത്തെ മന്ത്രിസഭയിലുണ്ടായിരുന്ന നാല് മന്ത്രിമാര്‍ രണ്ടാം ബിജെപി സര്‍ക്കാരിലും മന്ത്രിമാരായി തുടരുന്നുണ്ട്.
ബി.ജെ.പി അനുഭാവികളും ഗുണ്ടകളും അക്രമം അഴിച്ചുവിടുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസും സി.പി.എമ്മും സംസ്ഥാനത്തെ രണ്ടാം ബി.ജെ.പി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു.


