സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകളില്‍ ഇ ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദശം. ഇ ശ്രീധരന് ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ഐക്കണ്‍ സ്ഥാനത്തു നിന്നും ചിത്രം നീക്കാന്‍ തീരുമാനിച്ചത്. ബിജെപിയില്‍ അംഗത്വമെടുത്തതോടെ ഇ ശ്രീധരന് നിഷപക്ഷതയില്ലാതായി അതിനാല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പോസ്റ്ററുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ശ്രീധരന് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നതിനു പിന്നാലെയുണ്ടായ സ്വാഭാവിക നടപടിയാണിതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയത്.
2019 ലെ തെരഞ്ഞെടുപ്പില്‍ കെഎസ് ചിത്രയെയും ഇ ശ്രീധരനെയുമായിരുന്നു ഐക്കണായി പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുവരെയും ഐക്കണായി മുന്നോട്ട് കൊണ്ടു പോവാനായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിരുന്നത്. ഇവര്‍ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ പോസ്റ്ററുകളിലും ഇ ശ്രീധരന്റെയും കെഎസ് ചിത്രയുടെയും ഫോട്ടോകളുണ്ടായിരുന്നു.


