ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബര്‍ 29 വരെയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടത്തുക. 16 ബില്ലുകള്‍ ഈ കാലയളവില്‍ അവതരിപ്പിക്കും. ലോകസഭാംഗമായിരിക്കെ അന്തരിച്ച മുലായം സിംഗ് യാദവ് ഉള്‍പ്പെടെയുളളവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് സമ്മേളനം ആരംഭിക്കുക. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘട്ട് അദ്ധ്യക്ഷനാകുന്ന ആദ്യ രാജ്യസഭാ സമ്മേളനം കൂടിയാണിത്. ഈ പാര്‍ലമെന്റില്‍ നടക്കുന്ന അവസാന സമ്മേളനമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുണ്ട്.
വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ത്യയുടെ വിദേശകാര്യ നയത്തിലുണ്ടായ മാറ്റങ്ങള്‍ സംബന്ധിച്ച് പ്രസ്താവന നടത്തും.
ലോക്സഭയില്‍ മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബില്ല്, രാജ്യസഭയില്‍ വനാവകാശ സംരക്ഷണ ഭേഭഗതി ബില്ല്, ട്രേഡ് മാര്‍ക്ക് ഭേദഗതി, കലാ ക്ഷേത്ര ഫൗണ്ടേഷന് ഭേദഗതി അടക്കമുളള ബില്ലുകള്‍ അവതരിപ്പിക്കും. സംസ്ഥാന സര്‍ക്കാരുകളെ പ്രതിരോധത്തിലാക്കുന്ന ഗവര്‍ണര്‍മാരുടെ നടപടി, കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് എംപിമാര്‍ യോഗം ചേരും. സമ്മേളനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച സര്‍വ്വകക്ഷി യോഗം വിളിച്ചിരുന്നു.


