കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കൃഷിമന്ത്രി. പുതിയ നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന് നല്കി. ഈ ആഴ്ച തന്നെ സുപ്രിംകോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചാലും നേരിടുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി നിയമ നിര്‍മാണം നടത്തുകയാണെന്നും അത് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും സുനില്‍കുമാര്‍ കുറ്റപ്പെടുത്തി.
അതേസമയം, പന്ത്രണ്ടാം ദിവസവും ഡല്‍ഹി അതിര്‍ത്തികള്‍ സ്തംഭിപ്പിച്ച് കര്‍ഷക പ്രതിഷേധം തുടരുന്നു. കര്‍ഷക സംഘടനകള്‍ നാളെ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനും പിന്തുണയേറുകയാണ്. സിംഗു അതിര്‍ത്തിയില്‍ നേരിട്ടെത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
വിവാദ കാര്‍ഷിക നിയമങ്ങളില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരമുഖങ്ങള്‍ ഇന്നും സജീവമാണ്. യുപി, രാജസ്ഥാന്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തികളിലെത്തി. കര്‍ഷക സംഘടനകള്‍ നാളെ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഇതുവരെ 18 പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു. കര്‍ഷക പ്രതിഷേധതിന്റെ ശ്രദ്ധ കേന്ദ്രമായ സിംഗു അതിര്‍ത്തിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നേരിട്ടെത്തി.
അദാനി- അംബാനി കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുകയല്ലാതെ മറ്റൊന്നും സ്വീകര്യമല്ലെന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കനൗജിലെ കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ യുപി പൊലീസ് തടഞ്ഞു. പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി മാര്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചു. അതേസമയം ബന്ദിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ ഡല്‍ഹി പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു.


