വുഹാനിലെ കോവിഡ് സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ചൈന ജയിലിലടച്ച മാധ്യമ പ്രവര്‍ത്തക മരണത്തിന്റെ വക്കിലെന്ന് കുടുംബം. ഷാങ് ഷാന്‍ എന്ന 38 കാരിയെയാണ് ചൈന തടവിലാക്കിയത്. ജയിലിലടച്ചതിന് പിന്നാലെ ഷാങ് ഷാന്‍ നിരാഹാര സമരം ആരംഭിച്ചിരുന്നു.
2020 ഫെബ്രുവരിയില്‍ വുഹാനിലെത്തിയ ഷാങ് ഷാന്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. സ്മാര്‍ട്ട് ഫോണില്‍ ചിത്രീകരിച്ച വീഡിയോകളില്‍ അധികാരികള്‍ കോവിഡിനെ കൈകാര്യം ചെയ്യുന്ന രീതികളെ ഷാങ് ഷാന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ 2020 മെയ് മാസത്തിലാണ് ഷാങ് ഷാന്‍ 4 വര്‍ഷത്തേയ്ക്ക് തടവിലാക്കപ്പെട്ടത്.
നിരാഹാര സമരം ആരംഭിച്ചതോടെ ആരോഗ്യനില മോശമായെന്നും ശരീര ഭാരം വലിയ രീതിയില്‍ കുറഞ്ഞ ഷാങ് ഇനി അധിക കാലം ജീവിച്ചിരിക്കില്ലെന്നും സഹോദരനായ ഷാങ് ജു ട്വിറ്ററിലൂടെ അറിയിച്ചു.
ഷാങ് ജുവിന്റെ പോസ്റ്റ് വലിയ രീതിയില്‍ പ്രചരിച്ചതോടെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഷാങ് ഷാനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ചൈനീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജയില്‍ മോചിതയായാല്‍ ഷാങ് ഷാന്‍ വൈദ്യസഹായം തേടാന്‍ കഴിയുമെന്നും നിരാഹാര സമരം അവസാനിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ആംനെസ്റ്റി അറിയിച്ചു.


