ദേശീയ പാതയില്‍ അങ്കമാലി കറുകുറ്റി ഭാഗത്തുള്ളത് നൂറിലധികം കുഴികള്‍. അടിയന്തരമായി കുഴികള്‍ അടയ്ക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെ ദേശീയപാത അതോറിറ്റി പണി തുടങ്ങിയെങ്കിലും വൈകുകയാണ്. അതിനിടെ മഴക്കാലത്തിന് മുന്‍പ് പൊതുമരാമത്ത് റോഡുകളുടെ അടക്കം മരാമത്ത് പണികള്‍ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു.
ദേശീയ പാതയില്‍ അങ്കമാലിക്കും കറുകുറ്റിക്കും ഇടയിലുള്ള കരയാംപറമ്പില്‍ മാത്രം ചെറുതും വലുതുമായ നൂറിലധികം കുഴികളുണ്ട്. പറവൂര്‍ മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിം മരിക്കാനിടയായ റോഡിലെ കുഴി മൂടിയെങ്കിലും ഇത്തരത്തില്‍ എണ്ണമറ്റ കുഴികള്‍ അവശേഷിക്കുകയാണ്.
ഹാഷിമിന്റെ കുടുംബത്തെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സഹായിക്കണമെന്ന് കുടുംബത്തെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആവശ്യപ്പെട്ടു. മഴക്കാലത്തിന് മുന്‍പ് പൊതുമരാമത്ത് റോഡിലെ മരാമത്ത് പണികളടക്കം നടന്നിട്ടില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ താന്‍ വിമര്‍ശിച്ചില്ലെന്ന് പറയുന്നത് പരിഹാസ്യമാണെന്നും വി.ഡി. സതീശന് പറഞ്ഞു.
ഹാഷിമിന്റെ മരണത്തില്‍ ഉദ്യോഗസ്ഥരുടെ പേരിലടക്കം കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സഹോദരന് മുഹമ്മദ് ഷാഫി ആവശ്യപ്പെട്ടു. ഹാഷിമിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും അടക്കം അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും സഹോദരന് അഭ്യര്‍ഥിച്ചു.


