കിഫ്ബിയെ തകര്‍ത്ത് വികസനം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. തുടലഴിച്ചുവിട്ട കേന്ദ്ര ഏജന്‍സികളെ മാത്രമല്ല ആ തുടലുപിടിക്കുന്ന കരങ്ങളെയും കേരളത്തിന് ഭയമില്ലെന്ന് അദ്ദേഹം കേന്ദ്രമന്ത്രി വി മുരളീധരനോടായി പറഞ്ഞു. കിഫ്ബിക്കെതിരായ ഇഡി നടപടികളുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
തുടലഴിച്ചു വിട്ട കേന്ദ്ര ഏജന്‍സികളെ കണ്ട് ഭയന്നോടുന്നവരല്ല കേരളം ഭരിക്കുന്നത് എന്ന് പറഞ്ഞതില്‍ കേന്ദ്രമന്ത്രി വി മുരളീധരന് ആകെ രോഷാകുലനാണ്. ആ സ്ഥിതിയ്ക്ക് ഇത്രയും കൂടി പറഞ്ഞേക്കാമെന്ന് പറഞ്ഞാണ് തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ‘ആ തുടലു പിടിക്കുന്ന കരങ്ങളെയും ഞങ്ങള്‍ക്കു ഭയമില്ല. കിഫ്ബിയെ തകര്‍ത്ത് കേരള വികസനം സ്തംഭിപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി ലഭിക്കും. അക്കാര്യത്തില്‍ അദ്ദേഹത്തിന് ഒരു സംശയവും വേണ്ട’ അദ്ദേഹം പറഞ്ഞു.
ചട്ടങ്ങള്‍ ലംഘിച്ചാണ് കിഫ്ബി മസാല ബോണ്ടു വഴി പണം സമാഹരിച്ചത് എന്നാണ് മുരളീധരന് പറയുന്നതെന്നും ഏതു ചട്ടമാണ് ലംഘിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു. ‘മസാലാ ബോണ്ട് വഴി പണം സമാഹരിക്കാന്‍ രാജ്യത്ത് നിലവിലുള്ള എല്ലാ ചട്ടവും കിഫ്ബിയും പാലിച്ചിട്ടുണ്ട്. എന്‍ടിപിസി മസാലാ ബോണ്ടു വഴി 2000 കോടി സമാഹരിച്ചത് എങ്ങനെയാണ്? മസാലാ ബോണ്ടു വഴി 5000 കോടി സമാഹരിക്കാന്‍ നാഷണല്‍ ഹൈവേ ഓഫ് ഇന്ത്യ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പോയ വിവരവും അദ്ദേഹം അറിഞ്ഞിട്ടുണ്ടാവാന്‍ വഴിയില്ല. ഉണ്ടെങ്കില്‍ ഇത്തരം മണ്ടത്തരങ്ങള്‍ പൊതുജനമധ്യത്തില്‍ വിളിച്ചു പറയുമായിരുന്നില്ല’ ഐസക് പറയുന്നു.
മസാലാ ബോണ്ടു വഴി പണം സമാഹരിക്കാന്‍ എന്‍ടിപിസിയും എന്‍എച്ച്എഐയും പാലിച്ച ചട്ടങ്ങളെല്ലാം കിഫ്ബിയും പാലിച്ചിട്ടുണ്ട്. ഇവയൊക്കെപ്പോലെ നിയമപരമായി രൂപീകരിച്ച ബോഡി കോര്‍പറേറ്റാണ് കിഫ്ബിയും. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇപ്പറഞ്ഞവര്‍ക്ക് മസാലാ ബോണ്ടിനെ ഉപയോഗപ്പെടുത്താമെങ്കില്‍ കിഫ്ബിയ്ക്കും ഉപയോഗപ്പെടുത്താമെന്നും കേരള ധനമന്ത്രി അവകാശപ്പെട്ടു.
ഫെമ അനുസരിച്ചും റിസര്‍വ് ബാങ്ക് വഴിയുമാണ് കിഫ്ബി മസാലാ ബോണ്ടു വഴി പണം കണ്ടെത്തിയത്. ഒരു ബോഡി കോര്‍പ്പറേറ്റിന് മാസാല ബോണ്ടുവഴി പണം സമാഹരിക്കാന്‍ റിസര്‍വ്വ് ബാങ്കിന്റെ എന്‍ഒസി മതി. സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുക്കുമ്പോള്‍ ചെയ്യുന്നതുപോലെ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വേണ്ടെന്നും ഐസക് പറഞ്ഞു.
ഇഡിയെക്കൊണ്ട് തെരഞ്ഞെടുപ്പു കാലത്ത് നടപടിയെടുപ്പിക്കാനുള്ള ശ്രമം തെരഞ്ഞടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു. വസ്തുതകളറിയാനും മനസിലാക്കാനുമാണ് അന്വേഷണമെങ്കില്‍ അവരോട് പൂര്‍ണമായും സഹകരിക്കും. അതല്ലാതെ ബിജെപിക്കാര്‍ പിന്നിലുണ്ട് എന്ന ഹുങ്കുമായി എന്തും ചെയ്തുകളയാമെന്ന് ഇഡിയുടെ കൊച്ചി യൂണിറ്റ് അധികാരികള്‍ കരുതുന്നുവെങ്കില്‍, അതിനൊത്ത രീതിയിലുള്ള പ്രതികരണവും ഉണ്ടാവുമെന്നും ഐസക് കേന്ദ്ര മന്ത്രിയോടായി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ പയറ്റിത്തെളിഞ്ഞ ചട്ടമ്പിത്തരം ഇവിടെ കാണിക്കാനാണ് ഭാവമെങ്കില്‍ ചുട്ടമറുപടി തന്നെ ഇഡിയ്ക്ക് കിട്ടും. ഒരു സംശയവും വേണ്ട എന്നു പറഞ്ഞുകൊണ്ടാണ് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.


