വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് യുഡിഎഫ് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഴിഞ്ഞം പദ്ധതി നിര്‍ത്തണമെന്ന നിലപാട് യുഡിഎഫിനില്ല. വിഴിഞ്ഞത്തിന് വേണ്ടി ഉമ്മന്‍ചാണ്ടി ധീരമായ തീരുമാനം എടുത്തു. വിഴിഞ്ഞം പദ്ധതിക്കു വേണ്ടി പിണറായി വിജയന് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. 2019ല്‍ തീരേണ്ട പദ്ധതി 2023 ആയിട്ടും തീരാത്തതിന് കാരണം ഈ സര്‍ക്കാരാണെന്നും നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ ചെന്നിത്തല പറഞ്ഞു.
മന്ത്രിക്കെതിരെ പുരോഹിതന് പറഞ്ഞതിനെ യുഡിഎഫ് എതിര്‍ത്തു. ജലീലിനേക്കാള്‍ അബ്ദുര്‍റഹ്മാനെ ഞങ്ങള്‍ക്ക് അറിയാം. അബ്ദുറഹ്മാന് തികഞ്ഞ മതേതരവാദിയാണ്. അക്രമത്തോട് യോജിപ്പില്ല. ആര് അക്രമം നടത്തിയാലും അത് ശരിയല്ല. ഈ നാട്ടില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇടപെടേണ്ട മുഖ്യമന്ത്രിക്ക് മൗനം പാലിക്കുന്നു. മുഖ്യമന്ത്രീ അങ്ങേയ്ക്ക് എന്ത് പറ്റി? മുഖ്യമന്ത്രി പക്വതയോടെയും ഉയര്‍ന്നും പ്രവര്‍ത്തിക്കണം. 133 ദിവസം ഈ സമരം നടന്നിട്ടും മുഖ്യമന്ത്രി സമരക്കാരുമായി സംസാരിക്കാത്തത് ലജ്ജാകരമാണ്.
ഈ പദ്ധതി കൊണ്ടുവന്നത് ഞങ്ങളായതുകൊണ്ടു തന്നെ ഈ പദ്ധതി നടപ്പാക്കണമെന്നാണ് ആദ്യം മുതല്‍ ഞങ്ങളുടെ ആഗ്രഹം. പക്ഷേ മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണം. ആനാവൂര്‍ നാഗപ്പനും വി വി രാജേഷും കൈകോര്‍ത്ത് നടത്തുന്ന സമരം മത്സ്യത്തൊഴിലാളികള്‍ക്കെതിരെ ബിജെപിയും സിപിഎമ്മും ചേര്‍ന്നു നടത്തുന്ന സമരമായി കാണുന്നു. ഐഎസ്ആര്‍ഒയ്ക്കും വിമാനത്താവളത്തിനും സമയം കൊടുത്തത് മത്സ്യത്തൊഴിലാളികളാണ്.
അവര്‍ സ്വന്തം വീടും മണ്ണും രാജ്യത്തിന്റേയും സംസ്ഥാനത്തിന്റേയും വികസനത്തിന് നല്കിയവരാണ്. അവരെ കൂടെനിര്‍ത്തി വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിന് പകരം അവരെ മര്‍ദിച്ചൊതുക്കാനും അവര്‍ക്ക് നേരെ പൊലീസിനേയും കേന്ദ്ര സേനയേയും ഉപയോഗിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വിഴിഞ്ഞം സമരത്തിന് പിന്നില്‍ തീവ്രവാദികളുണ്ടോ എന്ന് മുഖ്യമന്ത്രി പറയണം. ആന്റണി രാജുവിന്റെ സഹോദരന് തീവ്രവാദി ആണോ എന്നും ചെന്നിത്തല ചോദിച്ചു.