ബാഴ്സലോണ: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുമായുള്ള 18 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു. ക്ലബ് വിടുകയാണെന്ന് ബാര്‍സയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ മെസി സ്ഥിരീകരിച്ചു. കരാര്‍ പുതുക്കാനുള്ള ചര്‍ച്ച തീരുമാനാകാതെ പോയതോടെയാണ് താരം ക്ലബ് വിട്ടത്.
സാമ്പത്തികവും സാങ്കേതികവുമായ തടസങ്ങള്‍ കാരണമാണ് കരാര്‍ പുതുക്കല്‍ സാധ്യമാകാതെ പോയത്. എഫ്സി ബാഴ്സലോണയും ലയണല്‍ മെസിയും ഒരു ധാരണയിലെത്തിയിട്ടും സാമ്പത്തികവും ലാ ലിഗ വ്യവസ്ഥകളുമായും ബന്ധപ്പെട്ട കാരണങ്ങളാല്‍ അത് നടക്കാത്ത സാഹചര്യമാണുള്ളത്. അതിനാല്‍ ലയണല്‍ മെസി ഇനി ബാര്‍സിലോനയില്‍ തുടരില്ലെന്ന് ക്ലബ് അറിയിച്ചു.
എഫ്സി ബാഴ്സലോണയുടെ പുരോഗതിയില്‍ മെസി നല്കിയ സംഭാവനയ്ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി അറിയിക്കുന്നു. വ്യക്തിജീവിതത്തിലും ഫുട്ബോള്‍ കരിയറിലും താരത്തിന് എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് ക്ലബ് പ്രസ്താവനയില്‍ പറയുന്നത്. ബാര്‍സ വിട്ട സാഹചര്യത്തില്‍ ഇനി മെസിയുടെ തട്ടകം ഏതായിരിക്കുമെന്ന് ഇതുവരെവ്യക്തമാക്കിയിട്ടില്ല.
ബാഴ്സലോണക്കായി 2004ല്‍ അരങ്ങേറിയ മെസി ഇതുവരെ മറ്റൊരു ക്ലബ്ബിനായും കളിച്ചിട്ടില്ല. 18 വര്‍ഷത്തിനിടെ 778 മത്സരങ്ങളില്‍ ബാഴ്സയ്ക്ക് വേണ്ടി മെസി കളിച്ചിട്ടുണ്ട്. ഇക്കാലത്തിനിടെ 672 ഗോളുകളും ക്ലബിനായി അദ്ദേഹം നേടിയിട്ടുണ്ട്. ബാര്‍സയ്ക്കൊപ്പം 10 ലാ ലിഗ കിരീടങ്ങളും നാലു ചാമ്ബ്യന്‍സ് ലീഗ് കിരീടങ്ങളും ഉള്‍പ്പെടെ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ജൂണ്‍ 30നാണ് ഏതാണ്ട് 594 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള മെസിയുടെ നാല് വര്‍ഷത്തെ ബാഴ്സ കരാര്‍ അവസാനിച്ചത്.