തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി പൊലീസ്. നാഗര്‍കോവില്‍ സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനായുളള മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്ക് ഇടയില്‍ പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രവര്‍ത്തകരെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തത്.
നെയ്യാറ്റിന്‍കര നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കല്‍ റെജി, അസംബ്ലി സെക്രട്ടറി ലിജിത് റോയ്, മണ്ഡലം പ്രസിഡന്റ് അനു തുടങ്ങിയവരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. കരിങ്കൊടി പ്രതിഷേധം കണക്കിലെടുത്താണ് പൊലീസ് നടപടി.
അതേസമയം തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു. നെയ്യാറ്റിന്‍കരയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കരിങ്കോടി കാണിച്ചത്. ജില്ലാ ജനറല്‍ സെക്രട്ടറി ഋഷി കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.