സുല്‍ത്താന്‍ ബത്തേരി ടൗണില്‍ കാട്ടാനയിറങ്ങി. ഇരുളം ഫോറസ്റ്റ് സെക്ഷനിലെ വനഭാഗത്ത് നിന്നാണ് കാട്ടാനയെത്തിയത്. ആനയെ വനപാലകരും നാട്ടുകാരും ചേര്‍ന്ന് കാട്ടിലേക്ക് തുരത്തി പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം.
റേഡിയോ കോളര്‍ (കര്‍ണാടക അല്ലെങ്കില്‍ തമിഴ്നാട് ) ഘടിപ്പിച്ചതാണ് കാട്ടാന. ടൗണില്‍ മെയിന്‍ റോഡിലക്ക് എത്തിയ കാട്ടാന നഗരസഭ ഓഫിസിന് സമീപമുള്ള ജയ പാര്‍ക്കിങ് ഗ്രൗണ്ടിലുമെത്തി. കല്ലൂര്‍ ടൗണിലും ഇന്നലെ കാട്ടാനയെത്തി. ബത്തേരിയില്‍ ഇറങ്ങിയത് ഡിസംബര്‍ മാസം തമിഴ്നാട് ഗൂഡല്ലൂരില്‍ നിന്ന് വനംവകുപ്പ് പിടികൂടി കാട്ടിലേക്ക് വിട്ട കാട്ടാന പിഎം 2 എന്നാണ് പേരിട്ടിരിക്കുന്നത്.
ഗൂഡല്ലൂരില്‍ രണ്ടാളുകളെ കൊന്ന കാട്ടാന 50 ലധികം വീടുകളും തകര്‍ത്തിരുന്നു. ബത്തേരി നഗരത്തില്‍ കാട്ടാനയിറങ്ങിയ സംഭവം. പാലക്കാട് പിടി 7 നെ പിടികൂടാന്‍ പോയ ദൗത്യ സംഘത്തിലെ 12 പേരെ വയനാട്ടിലേക്ക് തിരികെ വിളിച്ചുചീഫ് വെറ്റിനറി സര്ജന് അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബത്തേരി എത്തുക.
കാട്ടാനയുടെ സാന്നിധ്യത്തെ തുടര്‍ന്ന് വയനാട് സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സബ് കളക്ടര്‍ ആര്. ശ്രീലക്ഷ്മിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 4, 6, 9, 10, 15, 23, 24, 32, 34, 35 എന്നീ വാര്‍ഡുകളിലാണ് നിരോധനാജ്ഞ. ഇന്നലെ ഉച്ച മുതല്‍ കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്ന കാട്ടാന ഇന്ന് പുലര്‍ച്ചയോടെയാണ് ആന അക്രമാസക്തമായത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ നഗരത്തിലെത്തിയ ആന കാല്‍നടയാത്രികനെ ആക്രമിക്കുകയായിരുന്നു. അസംഷന്‍ ജംങ്ഷന് സമീപത്താണ് നഗരത്തിലൂടെ നടന്നുപോകുകയായിരുന്നുയാളെയാണ് ആന ആക്രമിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. ‘ റോഡരികിലൂടെ നടന്ന് വരുമ്പോഴാണ് ആന വന്നത്. തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. കൈവരിക്കപ്പുറത്തേക്ക് വീണ് പോയത് കൊണ്ട് രക്ഷപ്പെട്ടെന്നെന്ന് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട സുബൈര്‍ കുട്ടി പറഞ്ഞു. കാലിന് പരിക്കേറ്റ സുബൈര്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
കാട്ടാന ഇപ്പോള്‍ വനത്തോട് ചേര്‍ന്ന മുള്ളന്‍കുന്ന് ഭാഗത്ത് നിലയുറപ്പിച്ചിട്ടുള്ളതായാണ് വിവരം. ഇന്നലെ ഉച്ച മുതല്‍ കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും വൈകീട്ട് കാട്ടിലേക്ക് പോയിക്കാണുമെന്ന നിഗമനത്തിലായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍.


