കളമശ്ശേരി: ആക്രി വില്പനയിലൂടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെയും ചെയര്‍മാനേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കളമശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിൽമ റീജണല്‍ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. അവധിയുടെ മറവില്‍ യാതൊരുവിധ ടെന്‍ഡറും വിളിക്കാതെയാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കള്‍ ചെയര്‍മാന്റെ ഒത്താശയോടുകൂടി ഉദ്യോഗസ്ഥര്‍ വിറ്റഴിച്ചതെന്ന് സമരക്കാർ ആരോപിച്ചു.
അഴിമതിക്കാരനായ എംഡിയെ ഉടനടി തല്‍സ്ഥാനത്തു മാറ്റി നിഷ്പക്ഷമായഅന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും, അഴിമതിക്ക് കൂട്ട് നില്‍ക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുമ്പോട്ട് പോകുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.
കളമശ്ശേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ബ്ലോക്ക് പ്രസിഡന്റ് എ കെ സിബിന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറര്‍ റഫീഖ് ബക്കര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സി എ അജീഷ്, പി എസ് നിഖില്‍ ടി. ആകേന്ദ്ര എന്നിവര്‍ സംസാരിച്ചു.