തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകമാക്കി ഡോക്ടര്‍മാരുടെ സംഘടനകള്‍. ഇന്ന് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും രണ്ടു മണിക്കൂര്‍ ഒ.പി ബഹിഷ്കരിക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൂചന സമരത്തിനും, റിലേ സത്യാഗ്രഹത്തിനും പിന്നാലെയാണ് പ്രതിഷേധം വ്യാപിപ്പിക്കുന്നത്. ഡിസ്ചാര്‍ജ് ചെയ്ത കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്ത ഡോക്ടര്‍മാരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരണമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനകളുടെ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് എല്ലാ മെഡിക്കല്‍ കോളജുകളിലും രണ്ട് മണിക്കൂര്‍ ഒ.പി ബഹിഷ്കരിക്കും. കൊവിഡ് ചികിത്സ, കാഷ്വാലിറ്റി, ഐ.സി.യു എന്നീ വിഭാഗങ്ങളെ ബാധിക്കാതെയായിരിക്കും പ്രതിഷേധം.
സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഒ.പി ബഹിഷ്കരിക്കും. ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാരുടെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് എല്ലാ മെഡിക്കല്‍ കോളജിലെയും കൊവിഡ് നോഡല്‍ ഓഫീസര്‍മാര്‍ കൂട്ടമായി സ്ഥാനമൊഴിഞ്ഞിരുന്നു.
അതേസമയം കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് രോഗിയുടെ ബന്ധുക്കളുടെ ആവശ്യം. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ കൊവിഡ് നോഡല്‍ ഓഫീസറെയും രണ്ട് ഹെഡ് നഴ്സുമാരെയും കഴിഞ്ഞ 18നാണ് ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ വിശദമായ അന്വേഷണം തുടരുകയാണ്.


