പെട്രോള്‍, ഡീസല്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്കാണെങ്കിലും സന്തുലിതമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് രാജീവ് കുമാര്‍ പറഞ്ഞു.
പണപ്പെരുപ്പം സര്‍ക്കാരിന് മുന്നിലെ വലിയ വെല്ലുവിളിയാണെങ്കിലും റിസര്‍വ് ബാങ്ക് ഇടപെടല്‍ പരിഹാരമാകും. കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവ് ഈ മാസത്തോടെ തുടങ്ങും. ജൂലൈയോടെ തിരിച്ച് വരവിന്റെ വേഗം കൂടുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രണ്ടാംതരംഗം ധനക്കമ്മിയെ കാര്യമായി ബാധിക്കില്ല. വാക്സിനേഷന് പൂര്ണമായാല് ജനം ഭയംവിട്ട് പുറത്തിറങ്ങും. ഉല്‍പ്പാദന, കയറ്റുമതി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നും രാജീവ് കുമാര്‍ പ്രതീക്ഷ പങ്കുവച്ചു.
കഴിഞ്ഞ ദിവസം ആര്.ബി.ഐയുടെ വായ്പ അവലോകന യോഗത്തിന് ശേഷം ഗവര്‍ണര്‍ ശക്തികാന്ത് ദാസ് നടപ്പു സാമ്പത്തികവര്‍ഷം ജി.ഡി.പി നിരക്ക് 9.5 ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. ബജറ്റില്‍ ജി.ഡി.പി നിരക്ക് 10.5 ശതമാനമാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് വളര്‍ച്ച അനുമാനം കുറച്ചത്. ഇതിനിടെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയിലാണെന്ന അഭിപ്രായവുമായി നീതി അയോഗ് ചെയര്മാന് രംഗത്തെത്തിയത്.


