കണ്ണൂര്‍ കോട്ട ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അഴിമതിക്കേസില്‍ അബ്ദുള്ളക്കുട്ടിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് എപി അനില്‍കുമാര്‍ എംഎല്‍എ.
ആര്‍ക്കാണ് കരാര്‍ നല്‍കിയതെന്ന് അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന തനിക്ക് അറിയില്ലെന്നും അത് ജില്ലാടിസ്ഥാനത്തിലാണ് തീരുമാനിച്ചതെന്നും എപി അനില്‍കുമാര്‍ പറഞ്ഞു. കണ്ണൂര്‍ ഡിടിപിസിയാണ് കരാര്‍ നല്‍കിയതെന്നും എപി അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ടൂറിസത്തിന് ഗുണകരമാകുമെന്ന് കണ്ടാണ് പദ്ധതി അംഗീകരിച്ചതെന്നും അനില്‍കുമാര്‍ പ്രതികരിച്ചു.
എന്നാല്‍ പദ്ധതി നിന്ന് പോയത് എന്താണെന്നറിയില്ലെന്നും അത് സംബന്ധിച്ചു പരാതികളൊന്നും ലഭിച്ചിരുന്നില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.
തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ആക്ഷേപം വന്നാല്‍ അന്വേഷിച്ചു സത്യാവസ്ഥ കണ്ടെത്തണമെന്നും എപി അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.