സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു. തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ നടപടിയെന്ന് കാണിച്ച് പി.ഡബ്ല്യു.സി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് കമ്പനിക്കെതിരെ ഉയര്‍ത്തുന്നതെന്ന് പിഡബ്ല്യുസി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നടപടി രാജ്യത്തെ മറ്റിടങ്ങളിലുള്ള തങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്നും അടിയന്തര സ്റ്റേ വേണമെന്നും പിഡബ്ല്യുസി ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് ജസ്റ്റിസ് പി.വി.ആശയുടെ ബെഞ്ച് ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജിയില്‍ ഈ മാസം 16ന് മുമ്പ് മറുപടി നല്‍കാനും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സംസ്ഥാന സര്‍ക്കാരിന്റെ സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ നിയമിച്ചതിനെ തുടര്‍ന്നാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ വിലക്കിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സ്പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനം അടക്കമുള്ള വിഷയങ്ങളില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ നിയമനം തങ്ങളുടെ താത്പര്യ പ്രകാരമായിരുന്നില്ലെന്ന് വാദത്തിനിടെ പിഡബ്ല്യുസി അഭിഭാഷകന് അഡ്വ. മുകുള്‍ റോഹ്ത്തഗി ചൂണ്ടിക്കാട്ടി. സ്വപ്നയുടെ നിയമനം പഴയ എം.ഡിയുടെ താത്പര്യ പ്രകാരമായിരുന്നുവെന്നും റോഹ്ത്തഗി വ്യക്തമാക്കി.
സ്പേസ് പാര്‍ക്കിലെ നിയമനവുമായി ബന്ധപ്പെട്ടാണ് നിലവില്‍ പിഡബ്ല്യുസിയെ വിലക്കിയിരിക്കുന്നത്. കരാര്‍ വ്യവസ്ഥകളിലെ വീഴ്ചയും കണക്കിലെടുത്തിട്ടുണ്ട്. സ്വപ്ന സുരേഷിന്റെ പേര് പറയാതെ ‘യോഗ്യതയില്ലാത്തയാളെ നിയമിച്ചു’ എന്ന് ഉത്തരവില്‍ രേഖപ്പെടുത്തിയാണ് വിലക്ക്.


