എക്സൈസ് തിരുവ കുറച്ച് എണ്ണ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായത് രാജ്യമെമ്പാടും ഉയര്‍ന്നു വന്ന തീക്ഷ്ണമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എം.പി. രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് പരാജയവും ഈ നീക്കത്തിന് കാരണമായി. കേരള സര്‍ക്കാരും അടിയന്തരമായി നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരണമെന്നും സുധാകരന് ആവശ്യപ്പെട്ടു. നികുതി കുറച്ചില്ലെങ്കില്‍ പ്രഖ്യാപിത സമരങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ. സുധാകരന് പറഞ്ഞു.
‘പെട്രോള്‍-ഡീസല്‍ വില വര്‍ധനവില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. വൈകിയെങ്കിലും ഇത്തരമൊരു തീരുമാനമെടുത്തതിന് നന്ദിയുണ്ട്. പക്ഷേ കേരളം കൂടി ഇന്ധനനികുതി കുറച്ചാലേ കാര്യമുള്ളൂ. കേന്ദ്രം കുറച്ചിട്ടും സംസ്ഥാനം നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്കുനീങ്ങും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍പ് ചെയ്ത മാതൃക പിണറായി സര്‍ക്കാരും കാണിക്കണമെന്നാണ് പറയാനുള്ളത്’.
കേന്ദ്രം നികുതി കുറച്ചിട്ടും കേരളം കുറയ്ക്കാതിരുന്നാല്‍ സ്ഥിതി വഷളാവും. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ജനവികാരം മനസിലാക്കാത്ത സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനാണ് തീരുമാനം. സര്‍ക്കാരിന്റെ ധിക്കാരത്തിന് മറുപടി നല്‍കുമെന്നും കെ സുധാകരന് വ്യക്തമാക്കി.
പിണറായി സര്‍ക്കാര്‍ നികുതി കുറയ്ക്കാനല്ല ശ്രമിക്കുന്നത്. മറിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഭീകരതയ്ക്കെതിരെ ജനങ്ങള്‍ക്കു വേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത സമര പോരാളികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാനുള്ള വ്യഗ്രതയിലാണ്. കടുത്ത പ്രതിഷേധവുമായി സംസ്ഥാനത്തെമ്പാടും തെരുവിലിറങ്ങിയ കോണ്‍ഗ്രസിന്റെ സമര പോരാളികളെ കെപിസിസി അഭിവാദ്യം ചെയ്യുന്നു. നാളിതുവരെ ഇന്ധന വില വര്‍ദ്ധനവിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ ജനങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു.
കോവിഡ് കാലത്ത് വരുമാനം നിലച്ചു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുന്ന ജനതയെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ചോര ഊറ്റി കുടിക്കുകയായിരുന്നു. കേരള സര്‍ക്കാര്‍ ഇതുവരെ നികുതി കുറയ്ക്കാന്‍ തയ്യാറായിട്ടില്ല. ദുരഭിമാനം വെടിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഇന്ധന വിലവര്‍ദ്ധനവിലൂടെ ലഭിക്കുന്ന അധികനികുതി ഒഴിവാക്കി ജനങ്ങളുടെ ജീവിത ദുരിതം കുറയ്ക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന സ്തംഭിപ്പിക്കുന്ന സമരവുമായി കോണ്‍ഗ്രസും യുഡിഎഫും മുന്നോട്ടു വരും.
എറണാകുളം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടക്കാന്‍ മുന്നോട്ടു വരുന്ന ജനവഞ്ചകരെ കേരളം തിരിച്ചറിയും.
നികുതി ഭീകരതയില്‍ നിന്നും കേരള ജനതയെ രക്ഷിക്കാന്‍ ഇനിയും വൈകിയാല്‍ കോണ്‍ഗ്രസിന്റെ സമര ശേഷിയെ പിണറായി കാണേണ്ടി വരുമെന്ന് സുധാകരന് ഓര്‍മ്മിപ്പിച്ചു.
കേരളത്തിലെ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്ത്തകന് നികുതി ഭീകരതയ്ക്കെതിരെ ജയില്‍ നിറയ്ക്കാനുള്ള സമരത്തിനൊരുങ്ങുകയാണ്. ജനങ്ങളോട് തെല്ലെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍ ഇനിയും വൈകാതെ സംസ്ഥാന നികുതി കുറയ്ക്കാനുള്ള തീരുമാനം ഉണ്ടാകണം. ജനങ്ങളുടെ ക്ഷമയറ്റാല് സിനിമാ നടനല്ല പിണറായി തന്നെ തെരുവില്‍ കിടക്കേണ്ടിവരുമെന്നും സുധാകരന് പറഞ്ഞു.
രാജ്യത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇന്ധന വില കുറച്ചു. ഉത്തരാഖണ്ഡില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറച്ചു. കര്‍ണാടക, അസം, ഗോവ, ഗുജറാത്ത്, മണിക്കൂര്‍, സിക്കിം സംസ്ഥാനങ്ങളിലും പെട്രോള്‍-ഡീസല്‍, വില 7 രൂപ കുറച്ചു. ത്രിപുരയില്‍ പെട്രോളിന് 12 രൂപയും ഡീസലിന് 17 രൂപയും കുറച്ചു. ഉത്തര്‍പ്രദേശിലും ഹരിയാനയിലും 12 രൂപ വീതമാണ് ഇന്ധന വില കുറച്ചത്.


