ഐ ഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമ നടപടിക്ക്. യുണിടാക് എംഡിക്ക് നാളെ വക്കില്‍ നോട്ടീസ് അയയ്ക്കും. കേസെടുക്കാന്‍ ഹൈക്കോടതിയ സമീപിക്കാനും ആലോചനയുണ്ട്. ഫോണ്‍ ഉപയോഗിക്കുന്നയാളെ കണ്ടെത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെടും. കഴിഞ്ഞ ദിവസം ഡിജീപിക്കും പരാതി നല്‍കിയിരുന്നു.
രമേശ് ചെന്നിത്തലയ്ക്ക് സ്വപ്ന സുരേഷ് ഐഫോണ്‍ നല്‍കിയതായി സന്തോഷ് ഈപ്പന് ആരോപിച്ചിരുന്നു. ഹൈക്കോടതിയില്‍ നല്കിയ തടസ ഹര്‍ജിയിലാണ് സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം അഞ്ച് ഐഫോണുകള്‍ വാങ്ങി നല്‍കിയെന്നും അതില്‍ ഒരെണ്ണം രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയതായും സന്തോഷ് ഈപ്പന് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ രമേശ് ചെന്നിത്തല ഇത് നിരാകരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഫോണുകള്‍ സംബന്ധിച്ച അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടത്.
അതേസമയം, കേസെടുത്ത് അന്വേഷണം നടത്തുന്നതില്‍ പൊലീസിനിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഫോണുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തണെങ്കില്‍ ഫോണിന്റെ ഉടമ പരാതി നല്‍കണം. അല്ലാത്തപക്ഷം ഉടമകളില്‍പ്പെട്ട ആരെങ്കിലും ക്രിമിനല്‍ കേസില്‍ പ്രതിയാകണം. ഈ രണ്ട് കാര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമാണ് ഐഎംഇ നമ്പര്‍ നല്കി മൊബൈല്‍ കമ്പനികളില്‍ നിന്ന് ഫോണിന്റെ വിവരങ്ങള്‍ തേടാന്‍ സാധിക്കൂ. ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടാനിരിക്കുകയാണ്. കേസെടുക്കാനുള്ള സാങ്കേതിക പ്രശ്നങ്ങള്‍ പൊലീസ് രമേശ് ചെന്നിത്തലയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല നിയമപടിക്കായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.


