അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്കിടെ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് ചൈന. പ്രതിരോധതല ചര്‍ച്ചയ്ക്ക് തയാറാണെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വ്യക്തമാക്കി. ചൈനയുടെ ക്ഷണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിരോധതല ചര്‍ച്ചയ്ക്ക് സമയം ചോദിച്ചത് ചൈനീസ് പ്രതിരോധ മന്ത്രി നേരിട്ടാണ്. ഇന്ത്യ സമ്മതിച്ചാല്‍ വെള്ളിയാഴ്ച മോസ്കോയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചൈനീസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ഇന്ത്യയുള്‍പ്പടെ എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയാകും ഇന്ത്യ- ചൈന സന്ധി സംഭാഷണം.
കുടുതല്‍ സേനയെ മേഖലയിലേയ്ക്ക് ചൈന എത്തിക്കുകയാണ്. ലഡാക്കില്‍ തുടരുന്ന ഇന്ത്യയുടെ കരസേനാ മേധാവി മെജര്‍.എ.എം നരവനെ ഇന്നും ഫോര്‍വേര്‍ഡ് പോസ്റ്റുകളിലെ സന്ദര്‍ശനം തുടരും. അതിര്‍ത്തിയിലെ ഏതു പ്രകോപനവും നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിയുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കി. ഇന്ത്യന്‍ സേനാമേധാവികള്‍ അതിര്‍ത്തിയിലെത്തിയതിന് തൊട്ട് പിന്നാലെയാണ് ചൈനയുടെ സമാധാന നീക്കമെന്നത് ശ്രദ്ധേയമാണ്. അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
ചൈനീസ് സൈന്യത്തിന്റെ മേധാവികളും മേഖലയില്‍ ക്യാമ്പ് ചെയ്യുന്നതയാണ് വിവരം. ലഡാക്കില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യയുടെ കരസേനമേധാവി മെജര്‍.എ.എം നരവനെ ഇന്നും ഫോര്‍വേര്‍ഡ് പോസ്റ്റുകള്‍ സന്ദര്‍ശിക്കും. മേഖലയിലെ പ്രധാന സൈനിക ഉദ്യോഗസ്ഥരുമായും സൈനികരുമായും കരസേന മേധാവി ഇന്നലെ സംവദിച്ചിരുന്നു. ആക്രമണം ഉണ്ടായാല്‍ ശക്തമായ പ്രത്യാക്രമണമുണ്ടാകും. ഇതിനായുള്ള അനുമതി അതിര്‍ത്തികളില്‍ നല്‍കിയിട്ടുണ്ട്. ആണവ യുദ്ധമുണ്ടായാല്‍ പോലും അതിനെ നേരിടാന്‍ സൈന്യത്തിന് കഴിയുമെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു.
അതിനിടെ ചൈനയെ വിമര്‍ശിച്ച് യുഎസ് രംഗത്തെത്തി. ലോകത്ത് കോവിഡ് മഹാമാരി വ്യാപിക്കുമ്പോള്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് ചൈനീസ് ശ്രമമെന്ന് യുഎസ് നയതന്ത്രജ്ഞന് ഡേവിഡ് സ്റ്റില്‍വെല്‍ വിമര്‍ശിച്ചത്. നേരത്തെ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം നയതന്ത്ര മാര്‍ഗത്തിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂവെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്. ഇരു രാജ്യങ്ങളും പരസ്പര ധാരണയിലെത്തേണ്ടത് ലോകത്തിന്റെ കൂടി ആവശ്യമാണ്. അതിര്‍ത്തിയിലെ സംഭവങ്ങളെ വില കുറച്ചു കാണുന്നില്ല. അവ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും ജയ്ശങ്കര് പറഞ്ഞു. അതിനിടെ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെന്‍ഗെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഷാങ്ഹായ് സഹകരണ സംഘത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോസ്കോയിലെത്തിയതാണ് ഇരു നേതാക്കളും.


