പ്രവാസിക്ഷേമം ഉറപ്പു വരുത്താന്‍ കൂടുതല്‍ തുക നീക്കിവച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ്. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയര്‍ത്തി. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിന് 1000 കോടി രൂപ വായ്പ അനുവദിക്കും. പലിശ ഇളവ് നല്‍കുന്നതിന് 25 കോടി രൂപ നീക്കിവെക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ച് പറഞ്ഞു.
കൊവിഡ് മഹാമാരി മൂലം ഇതുവരെ 14,32,736 പ്രവാസികള്‍ തിരികെയെത്തി. ഇതില്‍ മിക്കവര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രാപ്തരാക്കാനുമുള്ള പദ്ധതിയാണ് നോര്‍ക്ക സെല്‍ഫ് എംപ്ലോയ്മെന്റ് സ്കീം.
പദ്ധതി പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കുറഞ്ഞ പലിശയ്ക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കും. ഇതിന്റെ പലിശ ഇളവ് നല്‍കുന്നതിനായാണ് 25 കോടി രൂപ വകയിരുത്തിയിരിക്കുന്നത്.
കോവിഡ് കാലത്ത് പുതിയ നികുതികളില്ല:
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ നികുതികള്‍ പ്രഖ്യാപിക്കാതെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നികുതിയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും. പ്രതിസന്ധി ഘട്ടത്തില്‍ കടമെടുത്തായാലും നാടിനെ രക്ഷിക്കുമെന്ന നയം തുടരും. ചെലവു ചുരുക്കാനും വരുമാനം കൂട്ടാനുമുള്ള പദ്ധതികള്‍ പ്രതിസന്ധിക്കുശേഷം പ്രഖ്യാപിച്ചേക്കും. നാലു ശതമാനം പലിശയില്‍ 2000 കോടി വായ്പ. കര്‍ഷകര്‍ക്ക് 2600 കോടി വായ്പ. തൊഴിലുറപ്പ് പദ്ധതി വഴി കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കും.
കെഎഫ്സിയുടെ വായ്പ അടുത്ത 5 വര്‍ഷം കൊണ്ട് 10,000 കോടിയായി ഉയര്‍ത്തും. ഈ വര്‍ഷം 4,500 കോടി രൂപയുടെ പുതിയ വായ്പ കെഎഫ്സി അനുവദിക്കും. കെഎഫ്സിയില്‍നിന്ന് വായ്പ എടുത്ത് 2020 മാര്‍ച്ചുവരെ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന് 20 ശതമാനം അധിക വായ്പ അനുവദിച്ചിരുന്നു. ഇത്തരം സംരംഭകര്‍ക്ക് 20 ശതമാനം വായ്പകൂടി അധികമായി നല്‍കും. ഇതിനായി 50 കോടി വകയിരുത്തി. പ്രതിസന്ധി നേരിടുന്നവര്‍ക്ക് വായ്പാ തിരിച്ചടവിന് ഒരു വര്‍ഷം മൊറട്ടോറിയം അനുവദിക്കും.
ആയുഷ് വകുപ്പിന് 20 കോടി അനുവദിക്കും. വിനോദസഞ്ചാര മേഖലയ്ക്ക് മാര്‍ക്കറ്റിങിന് 50 കോടി രൂപ അധികമായി വകയിരുത്തി. ടൂറിസം പുനരുജ്ജീവന പാക്കേജിന് സര്‍ക്കാര്‍ വിഹിതമായി 30 കോടി രൂപ അനുവദിച്ചു. വില്ലേജ് ഓഫിസുകള്‍ എല്ലാം സ്മാര്‍ട്ടാക്കും. കോവിഡ് കാരണം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായത്തിനായി 5 കോടി രൂപ വകയിരുത്തി. കെ.ആര്. ഗൗരിയമ്മയ്ക്കും ആര്. ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിര്‍മിക്കുന്നതിന് രണ്ടു കോടി വീതം വകയിരുത്തി.


