മൂവാറ്റുപുഴ: കടുത്ത വേനല്‍ ചൂടിനെ അതിജീവിക്കാന്‍ മൂവാറ്റുപുഴ നഗരസഭ തണ്ണീര്‍ പന്തല്‍ തുറന്നു. കച്ചേരിത്താഴത്ത് പ്രവര്‍ത്തനം ആരംഭിച്ച തണ്ണീര്‍പ്പന്തല്‍ വഴി സംഭാരം, തണ്ണിമത്തന് ജ്യൂസ്, കുടിവെള്ളം എന്നിവ സൗജന്യമായി വിതരണം ചെയ്തു വരുന്നു. വേനല്‍ കടുത്തതോടെ കാല്‍നടക്കാരും തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ കുടിവെള്ളത്തിനായി പണം ചിലവഴിക്കേണ്ട സാഹചര്യമാണുള്ളത്. ഇത് ഒഴിവാക്കുന്നതിനാണ് നഗരസഭ തണ്ണീര്‍പ്പന്തല്‍ തുറന്നത്. നഗരത്തിലെ പ്രധാന ബസ് സ്റ്റോപ്പുകളില്‍ ഒന്നായ കച്ചേരിതാഴത്ത് നൂറുകണക്കിന് യാത്രക്കാരാണ് പ്രതിദിനം എത്തുന്നത്. ഇവര്‍ക്ക് കൂടി സഹായകരമാകുന്നതിനാണ് ഇവിടെ തണ്ണീര്‍പ്പന്തല്‍ ഒരുക്കിയത്. രാവിലെ 11.30 മുതല്‍ വൈകിട്ട് 3 വരെയാണ് തണ്ണീര്‍ പന്തല്‍ പ്രവര്‍ത്തിക്കുക.
നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ അജി മുണ്ടാട്ട്, പി.എം. അബ്ദുല്‍ സലാം, കൗണ്‍സിലര്‍മാരായ അമല്‍ ബാബു, വി.എ. ജാഫര്‍ സാദിഖ്, ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.