കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ജീവനെടുത്ത ആള്‍ക്കൂട്ട വിചാരണയില്‍ പ്രതിഷേധിച്ച് വെറ്ററിനറി സര്‍വ്വകലാശാലയിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പിരിഞ്ഞുപോകാന്‍ തയ്യാറാവാതിരുന്ന പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയുടെ ചുറ്റുമതില്‍ ചാടിക്കടന്നതോടെയാണ് ആദ്യം ജലപീരങ്കി പ്രയോഗിച്ചത്.പ്രതിഷേധം അക്രമാസക്തമായതോടെ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി.
അഞ്ചോളം തവണയാണ് കണ്ണീര്‍വാതക പ്രയോഗമുണ്ടായത്. നിരവധി പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. പോലീസിനുനേരെ തുടര്‍ച്ചയായുള്ള കല്ലേറും നടന്നു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.