റവന്യു വകുപ്പില്‍ നിന്ന് ലഭിക്കേണ്ട സേവനത്തില്‍ കാലതാമസമുണ്ടായതിന്റെ പേരിലാണ് ഈ ആത്മഹത്യയെങ്കില്‍ അതിന് ഉത്തരവാദി ആരാണെങ്കിലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ. രാജന് പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന തലത്തില്‍ തന്നെ അന്വേഷണം പ്രഖ്യാപിച്ചു.
ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് മന്ത്രി ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്ന കാര്യവും ശ്രദ്ധില്‍ പെട്ടിട്ടുണ്ട്. അക്കാര്യത്തിലും അന്വേഷണം നടത്തും. അത്തരം ഏജന്റുമാര്‍ക്കെതിരേയും നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
വായ്പ ആവശ്യത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി നിരാശനായ മത്സ്യത്തൊഴിലാളിയാണ് ആത്മഹത്യ ചെയ്തത്. പറവൂര്‍ മല്യങ്കര സ്വദേശി സജീവനാണ് (57) ജീവനൊടുക്കിയത്. ഭൂമി തരം മാറ്റാന്‍ അപേക്ഷയുമായി ഒരു വര്‍ഷത്തോളമായി സജീവന് സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയിരുന്നു.
മകളുടെ വിവാഹത്തിനും വീട് പുതുക്കിപ്പണിയാനും പണം കണ്ടെത്താനായിരുന്നു സജീവന്റെ ശ്രമം. ഇതിനായി അഞ്ച് സെന്റ് ഭൂമി പണയപ്പെടുത്താന്‍ സജീവന് തീരുമാനിച്ചിരുന്നു. ഇതിനായി ബാങ്കിലെത്തിയപ്പോഴാണ് വീടിരിക്കുന്ന സ്ഥലം നിലമാണെന്ന് അറിഞ്ഞത്. പുരയിടമാണെങ്കില്‍ മാത്രമേ വായ്പ ലഭിക്കുകയുള്ളൂ എന്ന് ബാങ്ക് അറിയിച്ചിരുന്നു. ഇതോടെയാണ് ഭൂമി തരംമാറ്റാനായി സജീവന് സര്‍ക്കാര്‍ ഓഫീസുകളിലെത്തിയത്.
കഴിഞ്ഞ ദിവസം ഫോര്‍ട്ട് കൊച്ചിയിലെ ആര്‍ഡിഓ ഓഫീസിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എതിരെ കുറിപ്പ് എഴുതി വെച്ച ശേഷം സജീവന് തൂങ്ങി മരിച്ചത്. ഈ നാട്ടിലെ ദുഷിച്ച ഭരണ സംവിധാനവും കൈക്കൂലിയുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നായിരുന്നു കുറിപ്പില്‍ സജീവന് എഴുതിവെച്ചിരുന്നത്. ഉടുമുണ്ടില്‍ തിരുകി വെച്ച നിലയിലാരുന്നു സജീവന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.