സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഒന്നില്‍ കുറയാത്ത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൊണ്ടുവരുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പും ടൂറിസം വകുപ്പും സംയോജിതമായി ഒരു സംവിധാനം നടപ്പിലാക്കും. ഈ സംവിധാനം ഒരു വര്‍ഷത്തിനുള്ളില്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ അതിന്റെ സാധ്യതകള്‍ക്കനുസരിച്ച് വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണെന്നും അതിന്റെ ഭാഗമായാണ് തീര്‍ത്ഥാടന ടൂറിസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ പുറത്തു നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് തീര്‍ത്ഥാടനത്തിന് ഇവിടെ എത്തുന്നത്. അവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്ന ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നത്.
തീര്‍ത്ഥാടനത്തിന് കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കടുത്തുള്ള പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ ഒന്നു മുതല്‍ റസ്റ്റ് ഹൗസുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഒരുമാസത്തിനുള്ളില്‍ 27.5 ലക്ഷം രൂപ ഇതിലൂടെ വരുമാനം നേടാന്‍ കഴിഞ്ഞത് ജനങ്ങള്‍ ഇത് ഏറ്റെടുത്തു കഴിഞ്ഞു എന്നതിന് തെളിവാണ് എന്നും മന്ത്രി പറഞ്ഞു.
24 മണിക്കൂറും ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഉറപ്പുവരുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനുമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് 12 ജീവനക്കാരുടെ ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇത്തരത്തില്‍ എല്ലാ സാധ്യതകളും ഉപയോഗിച്ച് മുന്നോട്ടുപോകാനാണ് ടൂറിസം വകുപ്പും സര്‍ക്കാരും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


