വയനാട് ബാണാസുര മലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടെന്ന് പൊലീസ്. മരിച്ചത് ആരാണെന്നു വ്യക്തമായിട്ടില്ല. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന് പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പട്രോളിംഗിനിറങ്ങിയ തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. ചിതറിയോടിയ സംഘത്തിനായി മീന്മുട്ടി വെള്ളച്ചാട്ടത്തിന് സമീപം തിരച്ചില്‍ തുടരുകയാണ്. മാവോയിസ്റ്റുകള്‍ ഉപയോഗിച്ച തോക്കിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു.
ഇന്ന് രാവിലെ ഏഴു മണിയോടെയാണ് ബാണാസുര മലയിലെ മീന്മുട്ടി വെള്ളച്ചാട്ടത്തിന് സമീപം തണ്ടര്‍ ബോള്‍ട്ടും ആയുധ ധാരികളായ മാവോയിസ്റ്റ് സംഘവും നേര്‍ക്കു നേര് വന്നത്. തുടര്‍ന്ന് വെടിവെപ്പുണ്ടായി. മുപ്പതിനും നാല്‍പ്പതിനും ഇടയിലുള്ള പുരുഷനാണ് മരിച്ചത്. ആരാണ് ആദ്യം വെടിവെച്ചതെന്നു വ്യക്തമല്ല.പതിവ് തിരച്ചിലിന് എത്തിയതായിരുന്നു തണ്ടര്‍ ബോള്‍ട്ട് സംഘം. മാവോയിസ്റ്റുകള്‍ ഉപയോഗിച്ച തോക്കിന്റെ ചിത്രം പൊലീസ് പുറത്തു വിട്ടു. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്ക് പ്രവേശിക്കുന്നത് പോലീസ് തടഞ്ഞിരിക്കുകയാണ്. രണ്ടു മിനുട്ടോളം വലിയ ശബ്ദം കേട്ടെന്ന് പ്രദേശവാസി മനോരമ ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് ഏറ്റുമുട്ടല്‍. നേരത്തെയും ഇവിടെ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നു. ചിതറിപ്പോയവര്ക്കായി തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ ശക്തമാക്കി. ഉത്തര മേഖല ഐ ജി അശോക് യാദവ് ഉള്‍പ്പെടെയുള്ളവര്‍ സംഭവ സ്ഥലത്തുണ്ട്.


