സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഇന്ന് മുതല്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 വരെയാണ് നിരോധനാജ്ഞ. പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം പേര് കൂട്ടം ചേരാന്‍ പാടില്ല. കണ്ടെയിന്മെന്റ് മേഖലയില്‍ വിവാഹം, ശവസംസ്കാരം ഒഴികെ പൊതുപരിപാടികള്‍ നിരോധിച്ചു. പൊതുഗതാഗത്തിന് നിയന്ത്രണമില്ല. പരീക്ഷകള്‍ക്കും മാറ്റമില്ല.
കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കും. മരണാനന്തര ചടങ്ങുകള്‍, വിവാഹം എന്നിവയ്ക്ക് കര്‍ശന നിയന്ത്രണങ്ങളോട് കൂടി ആളുകള്‍ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും വിവാഹത്തിന് 50 പേര്‍ക്കും പങ്കെടുക്കാം. കണ്ടെയിന്മെന്റ് സോണുകളില്‍ വിവാഹം, ശവസംസ്കാരം എന്നിവയ്ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പൊതു പരിപാടികളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. റവന്യു, ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യ സര്‍വീസുകള്‍ അനുവദിക്കും.
അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ കണ്ടെയിന്മെന്റ് സോണില്‍ നിന്നും പുറത്തേക്കു പോകാന്‍ പാടില്ല. കണ്ടെയിന്മെന്റ് സോണിനു പുറത്ത് സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത ചടങ്ങുകള്‍ എന്നിവയ്ക്കുള്ള ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം.
ഒക്ടോബര്‍ രണ്ടിനു മുന്‍പ് പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ മുന്‍നിശ്ചയിച്ചതനുസരിച്ച് നടത്താം. . ഇനി പ്രഖ്യാപിക്കാനുള്ള പരീക്ഷകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെയേ ക്രമീകരിക്കാവൂ. ബാങ്കുകള്‍, കടകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കു മുമ്പില്‍ ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ അനുവദിക്കില്ല. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുതെന്നും ജില്ലാ കലക്ടര്‍മാരുടെ നിര്‍ദേശമുണ്ട്. പൊലീസ് പരിശോധനയും കര്‍ശനമാക്കും.


