പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള സൈറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. മോദിയുടെ വെബ്സൈറ്റിന്റെ പേരിലുള്ള സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടായ narendramodi_in ആണ് പുലര്‍ച്ചെ ഹാക്ക് ചെയ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറന്‍സിയായി സംഭാവന ആവശ്യപ്പെട്ട് ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്തു. താമസിയാതെ അക്കൗണ്ടിന്റെ നിയന്ത്രണം ട്വിറ്റര്‍ പുനഃസ്ഥാപിച്ചു. ഹാക്കര്‍മാരുടെ വ്യാജ ട്വീറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ട്വിറ്റര്‍. മോദിയുടെ ഈ വെരിഫൈഡ് അക്കൗണ്ടിന് 2.5 മില്യണ്‍ ഫോളോവേഴ്സുണ്ട്. വേറെ അക്കൗണ്ടുകളൊന്നും ഹാക്ക് ചെയ്യപ്പെട്ടില്ലെന്ന് ട്വിറ്റര്‍ വക്താവ് വ്യക്തമാക്കി.
രാജ്യാന്തര തലത്തില്‍ നടന്ന ഹാക്കിംഗുകളുടെ തുടര്‍ച്ചയാണെന്ന് ഇത് എന്നാണ് പ്രാഥമിക നിരീക്ഷണം. ബാരാക്ക് ഒബാമ, എലോണ്‍ മസ്ക്ക് തുടങ്ങിയവരുടെ ട്വിറ്റ് ഹാക്ക് ചെയ്ത സംഘങ്ങള്‍ തന്നയാണ് ഇതിന് പിന്നിലെന്നും വിലയിരുത്തലുണ്ട്. ഹാക്കിംഗിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കുക ആണ് ലക്ഷ്യമെന്നും വിവരം.
മോദിയുടെ വെബ്സെറ്റുമായി ബന്ധപ്പെടുത്തിയിരുന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ബിറ്റ് കോയിന് വഴി പ്രധാനമന്ത്രിയുടെ കൊവിഡിനുള്ള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ കുറിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള നടപടികള്‍ എടുത്തെന്നും അക്കൗണ്ട് നിയന്ത്രണം പിന്‍വലിച്ചെന്നും ട്വിറ്റര്‍. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.


