ലോക്ഡൗണ്‍ ഇളവില്‍ ചീഫ് സെക്രട്ടറി തലശുപാര്‍ശകള്‍ ഇന്ന് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വരും. വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച്ച മാത്രമായി പരിമിതപ്പെടുത്താന്‍ ശുപാര്‍ശയില്‍ പറയുന്നുണ്ട്. ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗം ഇത് പരിഗണിക്കും.
ആഴ്ച്ചയിലെ 6 ദിവസവും കടകള്‍ തുറക്കാം എന്നതാണ്. കടകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കാനും ശുപാര്‍ശയില്‍ പറയുന്നു. ടിപിആര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി പകരം രോഗികളുടെ എണ്ണം നോക്കിയുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരും. രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടയിന്മെന്റ് സോണുകളായി തിരിച്ച് അടച്ചിടല്‍ നടപ്പാക്കും. പ്രതിദിനം രണ്ട് ലക്ഷം പരിശോധനകള്‍ നടത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
ഓണത്തിന് ഇളവുകള്‍ അനുവദിക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. എന്നാല്‍ രോഗ വ്യാപനം കൂടാതെയും കഴിഞ്ഞ തവണ പെരുന്നാള്‍ ഇളവിനോടനുബന്ധിച്ച് സുപ്രിംകോടതി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കാതെയും ഇളവുകള്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
ടിപിആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്മെന്റ് സോണുകള്‍ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതി ശുപാര്‍ശ. ടിപിആര്‍ പത്തില്‍ കൂടുതലുള്ള പ്രദേശങ്ങള്‍ മൈക്രോ കണ്ടയന്‍മെന്റ് സോണായി തിരിച്ച് അടച്ചിടല്‍ നടപ്പാക്കിയേക്കും. പത്തില്‍ കൂടുതല്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്ന കേന്ദ്ര നിര്‍ദ്ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
ചീഫ് സെക്രട്ടറിതല ശുപാര്‍ശയില്‍ തീരുമാനം ഇന്ന് വൈകുന്നേരം ചേരുന്ന അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതേസമയം, ആരോഗ്യ വകുപ്പിന് ഇളവുകള്‍ നല്‍കുന്നതിനോട് യോജിപ്പില്ലെന്നാണ് പുറത്ത് വരുന്ന വിവരം. മൂന്നാം തരംഗം വരാനിരിക്കെ ഇത്തരം ഇളവുകള്‍ നല്കുന്നതില് വകുപ്പ് ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണവും ടിപിആറും ഉയരുന്നതില്‍ കേന്ദ്ര സംഘം ചീഫ് സെക്രട്ടറിയെ ആശങ്ക അറിയിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കി ക്വാറന്റീന് ശക്തിപ്പെടുത്തണമെന്നും കേന്ദ്ര സംഘം നിര്‍ദ്ദേശം നല്കി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,62,529 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,33,879 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,650 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2550 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടി.പി.ആര്. 5ന് താഴെയുള്ള 62, ടി.പി.ആര്. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.